തീപിടുത്തത്തിൽ പെട്ട് അവശനിലയിലായ മൂർഖൻ പാമ്പിന് രക്ഷകനായി ഫയർ ഓഫീസർ ഷാരോൺ ..
മുണ്ടക്കയം ഈസ്റ്റ് ടി.ആർ . ആൻഡ് ടി എസ്റ്റേറ്റിന്റെ കുപ്പക്കയം ഡിവിഷനിലെ 90 ഏക്കർ സ്ഥലത്ത് കഴിഞ്ഞ ദിവസം, വൻ തീപിടുത്തം ഉണ്ടായപ്പോൾ, തോട്ടം ജീവനക്കാരും തൊഴിലാളികളും കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് വളരെ ബുദ്ധിമുട്ടി തീ നിയന്ത്രണവിധേയമാക്കിയത്.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സിന്റെ ടീമിനൊപ്പം ഒപ്പം സ്ഥലത്ത് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫയർ ഓഫീസർ കം ഡ്രൈവർ മുണ്ടക്കയം പുത്തൻചന്ത കുറ്റിക്കാട്ട് വീട്ടിൽ ഷാരോൺ കെ. എസ്. തീയിൽ അകപ്പെട്ടുപോയ ഒരു മൂർഖൻ കുഞ്ഞിന് രക്ഷകനായി.
തീപിടുത്തിൽ അകപ്പെട്ട തോട്ടത്തിന് നടുവിൽ ഉണ്ടായിരുന്ന ഒരു ചെറിയ ടാങ്കിൽ, ചുറ്റും തീയായതിനാൽ പുറത്തുകടക്കുവാനാകാതെ കുടുങ്ങിപ്പോയ മൂർഖൻ കുഞ്ഞിനെ ഷാരോൺ കണ്ടെത്തുകയായിരുന്നു . പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഷാരോൺ, പാമ്പിനെ ടാങ്കിന്റെ ഉള്ളിൽ നിന്നും സുരക്ഷതമായി പുറത്തെടുത്തു. തുടർന്ന് കൈയിൽ കരുതിയിരുന്ന കുപ്പിവെള്ളത്തിൽ നിന്നും പാമ്പിന് കുടിക്കുവാൻ വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു .
അനുസരണയോടെ മൂർഖൻ പാമ്പ് , ഷാരോൺ ഒഴിച്ചുകൊടുത്ത വെള്ളം കുടിക്കുന്ന രംഗങ്ങൾ സുഹൃത്തുക്കൾ ക്യാമറയിൽ ആക്കി. പാമ്പിന്റെ ക്ഷീണം അകറ്റിയ ശേഷം ഷാരോൺ പാമ്പിനെ സുരക്ഷിത സ്ഥലത്തേക്ക് കയറ്റി വിട്ടു