‘വഴിയരികിലിരുന്നും മദ്യപിക്കും… സ്ത്രീകളെ ശല്യംചെയ്യും’ ; എരുമേലിയിൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഉറക്കത്തിൽ
എരുമേലി കെ.എസ്.ആർ.ടി.സി. ജങ്ഷന് സമീപം റോഡരികിൽ മദ്യപിച്ച് ലക്കുകെട്ട് കടത്തിണ്ണയിൽ കിടക്കുന്നയാൾ
എരുമേലി: പോലീസുണ്ട്…എക്‌സൈസും ഉണ്ട്. പക്ഷേ, മദ്യപശല്യത്താൽ വഴിയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകാണാൻ ആരുമില്ല.
എരുമേലി കെ.എസ്.ആർ.ടി.സി. സെന്റർ ജങ്ഷനിലാണ് മദ്യപന്റെ വിളയാട്ടം. റോഡരികിൽ നാട്ടുകാർ കാൺകെയാണ് മദ്യപാനം. പെൺകുട്ടികളും സ്ത്രീകളും നടന്നുപോകുമ്പോൾ ഇവർക്ക് പിന്നാലെ കൂടും. മാസങ്ങളായി ഇതാണവസ്ഥ.
ഒട്ടേറെ തവണ എരുമേലി പോലീസിൽ നാട്ടുകാർ പരാതി അറിയിച്ചു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് വഴിയാത്രക്കാരെ ശല്യംപ്പെടുത്തുന്നയാളെ കണ്ടില്ലെന്നമട്ടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ. പ്രധാന റോഡരികിൽ ഞായറാഴ്ച ഉച്ചമുതൽ മദ്യക്കുപ്പിയുമായി കടത്തിണ്ണയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു ഇയാൾ. വൈകുന്നേരത്തോടെ ലക്കുകെട്ട് കടത്തിണ്ണയിൽ കിടക്കുന്ന കാഴ്ച.
പാതയോരങ്ങളിൽനിന്നു പാഴ്‍വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇയാൾ മദ്യപിക്കാനുള്ള തുക കണ്ടെത്തുന്നത്. ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനോ, നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണാനോ നാളിതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.