ഇരുവശത്തും സ്ഥലമില്ല…വാഹനം വന്നാൽ ഓടിമാറണം
• അണിയറപ്പടി ഭാഗത്ത് റോഡിനോട് ചേർന്നുള്ള കുറ്റിക്കാടുകളും മൺതിട്ടയും. സ്ഥലമില്ലാത്തതിനാൽ ടാറിങ്ങിനോട് ചേർന്ന് നടക്കുന്ന യാത്രക്കാരനും
കറുകച്ചാൽ: വാഹനത്തിലായാലും നടന്നാണെങ്കിലും കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെ സഞ്ചരിക്കുക വലിയ വെല്ലുവിളിയാണ്. നടപ്പാതകളില്ലാത്തതും അനധികൃത പാർക്കിങും മൂലം പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ.
കറുകച്ചാൽ-അണിയറപ്പടി-നെത്തല്ലൂർ ഭാഗങ്ങളിൽ അപകടങ്ങൾ പതിവാണ്. ഇവിടെ റോഡിന്റെ വശങ്ങളിൽ ആവശ്യത്തിന് വീതിയില്ല. ടാറിങ്ങിനോട് ചേർന്ന് ഭീതിയോടെ വേണം യാത്രക്കാർ നടക്കാൻ. വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ വശം ചേർന്ന നിൽക്കുകയോ, എവിടേക്കെങ്കിലും ഓടിമാറുകയോ വേണം.
കണ്ണാശുപത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്് പലപ്പോഴും അപകങ്ങൾ പതിവാണ്. കറുകച്ചാലിൽനിന്ന് കണ്ണാശുപത്രി-മാണികുളം റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുമായോ, പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്.
വേഗനിയന്ത്രണ സംവിധാനമില്ലാത്തതിനാൽ കറുകച്ചാൽ കവല പിന്നിടുന്ന വാഹനങ്ങൾ നെത്തല്ലൂർവരെ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിനിടയിലൂടെ ജീവൻ പണംവെച്ചാണ് കാൽനട യാത്രക്കാർ നടക്കുന്നത്.
രണ്ടുമാസം മുൻപ് വീട്ടമ്മയെ ബൈക്ക് ഇടിച്ചതും ഇതേ ഭാഗത്തായിരുന്നു.
റോഡിന്റെ വശങ്ങളിൽ കാടും പടർപ്പും നിറഞ്ഞതിനാൽ വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാൻ പോലും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.