ജനകീയഹോട്ടലുകൾ പ്രതിസന്ധിയിൽ ; തീവിലയിൽ വേവുന്നു ; ഓഗസ്റ്റിനുശേഷം സബ്സിഡിയില്ല
ജനകീയഹോട്ടലുകൾക്കുള്ള സബ്‌സിഡി ഓഗസ്റ്റനുശേഷം കിട്ടിയിട്ടില്ല. പലർക്കും ലക്ഷങ്ങൾ കിട്ടാനുണ്ട് എന്ന് .ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാർ പറയുന്നു. 11 മണിയോടെ തുറന്ന് നാലുമണിവരെ പ്രവർത്തിച്ചിരുന്നവ മിക്കതും ഇപ്പോൾ രണ്ടുമണിയോടെ അടയ്ക്കും. 1500 പേർക്ക് ഒരുദിവസം ഊണുകൊടുത്തത് 500-600 ആക്കിക്കുറച്ചാണ് പലരും ഹോട്ടൽ നടത്തുന്നത് . ആളുകൾ വന്ന് തിരിച്ചുപോവുന്നുണ്ടെങ്കിലും വേറെവഴിയില്ല.
സമാനമായ അവസ്ഥയാണ് 20 രൂപയ്ക്ക് ഊണുനൽകുന്ന സുഭിക്ഷ ഹോട്ടലുകളുടേതും. ഭക്ഷ്യപൊതുവിതരണവകുപ്പാണ് കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ സുഭിക്ഷഹോട്ടലുകൾ നടത്തുന്നത്. ചെലവുതാങ്ങാൻ പറ്റാതായതോടെ പല ഹോട്ടലുകളിലും രാവിലെയും വൈകീട്ടുമുള്ള ചായയും പലഹാരവും ഒഴിവാക്കി, ഉച്ചയൂണ് മാത്രമാക്കി.
എല്ലാവർക്കും ഒരുനേരത്തെ ഊണുറപ്പാക്കാൻ തുടങ്ങിയ ജനകീയഹോട്ടലുകളുടെ അവസ്ഥ എല്ലായിടത്തും ഇതുതന്നെ. സ്ത്രീകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് മിക്കയിടത്തും ജനകീയഹോട്ടലുകൾ പ്രവർത്തിക്കുന്നത്. അവർക്കൊരു വരുമാനമാർഗമെന്നതിനൊപ്പം സാമ്പത്തികമായി പ്രയാസപ്പെടുന്നവരുടെ വിശപ്പകറ്റുകയെന്നതുമാണ് പദ്ധതി ലക്ഷ്യമിട്ടത്. വിജയകരമായി നടന്നുവന്ന ഇവയിപ്പോൾ വലിയ പ്രതിസന്ധിയിലാണ്. അതിരൂക്ഷ വിലക്കയറ്റത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുകയാണ് നടത്തിപ്പുകാരെല്ലാം.
2018-ൽ ജനകീയഹോട്ടൽ തുടങ്ങിയപ്പോൾ 990 രൂപയായിരുന്നു പാചകവാതക സിലിൻഡറിന്. അതാണിപ്പോൾ 2124 ആയത്. അരിവില 35 രൂപയിൽനിന്ന് 42 ആയി. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വിലകൂടി.
20 രൂപയാണ് ജനകീയഹോട്ടലിൽ ഊണിന് ഈടാക്കുന്നത്. 10 രൂപ നടത്തിപ്പുകാർക്ക് സർക്കാർ സബ്‌സിഡി നൽകും. കിലോഗ്രാമിന് 10.90 രൂപ സബ്‌സിഡി നിരക്കിൽ സപ്ലൈകോ അരി നൽകും. എന്നാൽ, ഗുണനിലവാരം കുറഞ്ഞതിനാൽ മിക്കവരും പൊതുവിപണിയിൽനിന്ന് അധികവില നൽകിയാണ് അരിവാങ്ങുന്നത്.
വിലകൂട്ടേണ്ടി വരും, മടിച്ച് ഹോട്ടലുകൾ
പാചകവാതകത്തിന് തീവിലയായതോടെ സംസ്ഥാനത്തെ മറ്റു ഹോട്ടലുകളിൽ ഭക്ഷണത്തിന് വില കൂട്ടിത്തുടങ്ങി. പലയിടത്തും ഊണിന് അഞ്ചുരൂപ കൂട്ടി. വിലകൂട്ടാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചിട്ടില്ല. വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനത്തിനെ വീണ്ടും പ്രയാസത്തിലാക്കുമെന്നതിനാലാണ് വിലകൂട്ടാൻ തീരുമാനിക്കാത്തതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . . പിടിച്ചുനിൽക്കാനായി നാട്ടിൻപുറത്തെ ചെറിയ ഹോട്ടലുകളിൽ ജീവനക്കാരുടെ എണ്ണംകുറച്ചു.