പാറത്തോട് ടൗണിന് വേണം അടിസ്ഥാന സൗകര്യങ്ങൾ

പാറത്തോട് ∙ ദേശീയ പാത 183 ന്റെ ഭാഗമായ കെ.കെ.റോഡിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടെയുള്ള പ്രധാന ജംക്‌ഷനായ പാറത്തോട് വികസന പാതയിലാണ്.

എന്നാൽ ജംക്‌ഷനിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇടക്കുന്നം, മുക്കാലി, ചെറുമല, പാലപ്ര, പഴുമല, തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ എല്ലാവിധ ആവശ്യങ്ങൾക്കും, വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും പാറത്തോട്ടിലാണു എത്തുന്നത്.വിവിധ സ്ഥാപനങ്ങളും കെട്ടിടങ്ങളുമായി വികസിച്ചു കൊണ്ടിരിക്കുന്ന പാറത്തോട്, ടൗണായി മാറാൻ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകണം.

ബസ് കാത്തിരിപ്പ് കേന്ദ്രം

ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ല. ദേശീയ പാതയിൽ യാത്രക്കാർ മഴയത്തും, വെയിലത്തും ബസ് കാത്തു നിൽക്കുന്നതു പാതയോരത്തും കടത്തിണ്ണകളിലുമാണ്. പാലപ്ര, പഴുമല, ഇടക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാനുള്ളവരും റോഡരികിലാണു ബസ് കാത്തു നിൽക്കുന്നത്.

ബസ് സ്റ്റാൻഡ്

ജംക്‌ഷനു സമീപത്തായി ദേശീയ പാതയോരത്ത് വർഷങ്ങൾക്കു മുൻപു ബസ് സ്റ്റാൻഡിനു വേണ്ടി കണ്ടെത്തിയ സ്ഥലത്തു പിന്നീട് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചു.ഇവിടെ ബസ് കയറി ഇറങ്ങാൻ സൗകര്യം കുറവായതിനാലാണു ബസ് സ്റ്റാ‍ൻഡ് പദ്ധതി ഉപേക്ഷിച്ചത്.

മുൻപു കണ്ടെത്തിയ സ്ഥലം വിപുലീകരിച്ചു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിമുറിയും നിലവിലുണ്ട്.

ജംക്‌ഷനിൽ നിന്നു വിവിധ ഗ്രാമ പ്രദേശങ്ങളിലേക്കു പോകുന്ന ബസുകൾക്കു പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യമെങ്കിലും ഒരുക്കിയാൽ യാത്രക്കാർക്കു പല സ്ഥലങ്ങളിൽ ബസ് കാത്തു നിൽക്കാതെ സ്റ്റാൻഡിലെത്തി യാത്ര ചെയ്യാം. ദീർഘദൂര ബസുകൾ കാത്തിരിക്കുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവുമൊരുക്കാം. ഇവിടെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സും പ്രവർത്തിക്കുന്നു.

പൊലീസ് എയ്ഡ് പോസ്റ്റ്

ഒട്ടേറെ ഗ്രാമങ്ങളുടെ സംഗമ സ്ഥലമായ ജംക്‌ഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ് എന്ന ആവശ്യമുയർന്നിട്ടു വർഷങ്ങളായി.ഇടക്കുന്നം, പാലപ്ര, പഴുമല, മാങ്ങാപ്പാറ, വേങ്ങത്താനം തുടങ്ങിയ പ്രദേശങ്ങളിൽ ‍ പൊലീസ് എത്തേണ്ട സന്ദർഭങ്ങളിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് എത്തുന്നത്. ദേശീയപാത വഴി ‍ രാത്രി ബസുകളിൽ എത്തുന്നവർക്കും, വിവിധ സ്ഥലങ്ങളിലേക്കു പോകുന്നതിനും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും സഹായകരമാകും.‍

ശുചിമുറി

ജംക്‌ഷനിൽ ശുചിമുറി സൗകര്യമില്ല. 200 മീറ്റർ മാറി കെഎസ്ഇബി ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.

error: Content is protected !!