നല്ല കാഴ്ചകൾ കാണണോ? പാറത്തോട്ടിലേക്കു വരൂ…

പാറത്തോട്∙ അൽപമൊന്നു അണിഞ്ഞൊരുങ്ങിയാൽ പാറത്തോടിന്റെ സൗന്ദര്യം പതിന്മടങ്ങ് വർധിക്കും. സാഹസിക ടൂറിസം, ട്രെക്കിങ്, പ്രകൃതിസൗഹൃദ വിനോദസഞ്ചാരം… അങ്ങനെ ഏതു തലത്തിൽ വേണമെങ്കിലും സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഭൂപ്രദേശങ്ങൾ പ്രദേശത്തുണ്ട്. മികച്ച ആസൂത്രണത്തോടെ ടൂറിസം പദ്ധതി നടപ്പാക്കിയാൽ നാടിന്റെ മുഖഛായ തന്നെ മാറും.

ഭീമൻകുഴി, തോണിക്കുഴി

പാറത്തോട് – പാലപ്ര റൂട്ടിൽ വില്ലൻചിറയിൽ നിന്ന് 3 കിലോമീറ്റർ നടന്നാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകളുടെ മനോഹര ലോകത്തെത്താം. പഞ്ചായത്ത് വഴിയും കടന്നു സ്വകാര്യ പുരയിടങ്ങളിലൂടെ മലയിറങ്ങി താഴെ എത്തിയാൽ വേനലിലും വറ്റാത്ത തോട് കാണാം. താഴേക്കു നടന്നാൽ എത്തുന്നത് ഭീമൻകുഴിയിൽ. വലിയ പാറകൾ നിറഞ്ഞ കുഴിയുടെ സമീപത്ത് കാൽപാദം പോലെയുള്ള അടയാളം. വനവാസക്കാലത്ത് കാലത്ത് ഇതുവഴി എത്തിയ ഭീമൻ നീരാട്ടിനു ശേഷം ഇവിടെ വിശ്രമിച്ചപ്പോൾ കാൽപാദം പതിഞ്ഞെന്നാണ് ഐതിഹ്യം.

മഴക്കാലത്ത് ഇവിടെ വലിയ വെള്ളച്ചാട്ടവുമുണ്ടാകും. ഭീമൻകുഴിയുടെ മുകൾ ഭാഗത്തായി തോണിക്കുഴി. തോണിയുടെ ആകൃതിയിൽ നീണ്ടു കിടക്കുന്ന കുഴിയിൽ ആഴം കുറവായതിനാൽ അപകടമില്ലാതെ വെള്ളത്തിലിറങ്ങാം. ചുറ്റും വലിയ പാറകൾ നിറഞ്ഞ തോണിക്കുഴിക്കു മുകളിലായി മറ്റൊരു വലിയ കുഴി കൂടിയുണ്ട്. 30 അടിയോളം ഉയരത്തിൽ നിൽക്കുന്ന പാറക്കെട്ടുകളുടെ ഇടയിലൂടെ ഒഴുകി എത്തുന്ന വെള്ളം. ഇതിനും മുകളിലായി വലിയ പാറകൾക്കു ഇടയിലുള്ള വിടവിലൂടെ അകത്തേക്കു കടന്നു പോകാം.

വേങ്ങത്താനം അരുവി

കാഴ്ചയിൽ സുന്ദരി, സൂക്ഷിച്ചില്ലെങ്കിൽ അപകടകാരി. പാറത്തോട്, പൂഞ്ഞാർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശത്തു സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം. പാറത്തോട് പഞ്ചായത്തിൽ ഉദ്ഭവിച്ച് പൂഞ്ഞാർ ‍പഞ്ചായത്തിലൂടെ ഒഴുകി തിടനാട് പഞ്ചായത്തിലെ ചിറ്റാറിലൂടെ മീനച്ചിലാറ്റിലെത്തുന്നു. മൂന്ന് തട്ടുകളിലൂടെയാണു അരുവിയിലെ വെള്ളം താഴേക്കു പതിക്കുന്നത്. ഒന്നും രണ്ടും തട്ടുകൾ തമ്മിൽ 25 മീറ്ററോളം വ്യത്യാസമുണ്ട്. എന്നാൽ, രണ്ടും മൂന്നും തമ്മിലാകട്ടെ നൂറിലേറെ മീറ്ററിനു മുകളിൽ ഉയരമുണ്ട്.

പാറത്തോട്ടിൽ നിന്നു പാലപ്ര വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ മാളികയിലെത്തും. അവിടെ നിന്ന് ഒന്നര കിലോമീറ്ററോളം കാൽനടയായി വേണം അരുവിയിലെത്താൻ. ചോറ്റി ഊരയ്ക്കനാട് വഴിയും അരുവിയിലെത്താം.അപകടസാധ്യത ഏറെയുള്ള അരുവിയാണു വേങ്ങത്താനം. കാഴ്ചയിൽ മനോഹരമെങ്കിലും മിനുസവും ചെരിഞ്ഞതുമായ പാറകളിൽ അപകടം പതിയിരിക്കുന്നു. വഴുക്കലുള്ള പാറയിൽ തെന്നിയാൽ വീഴുന്നതു 250 അടിയോളം താഴ്ചയിലേക്കാണ്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വിനോദസഞ്ചാരികളെ നാട്ടുകാർ പ്രോത്സാഹിപ്പിക്കാറില്ല.

ഊട്ടുപാറ

പഴുമല ഗ്രാമത്തിനു മൂവായിരത്തോളം അടി മുകളിലായി സ്ഥിതിചെയ്യുന്ന വിശാലമായ പാറ. പഞ്ചപാണ്ഡവർ വനവാസക്കാലത്ത് ഈ പാറയിലിരുന്നു ഭക്ഷണം കഴിച്ചെന്നാണ് ഐതിഹ്യം. അതിനാൽ ഊട്ടുപാറയെന്നു അറിയപ്പെടുന്നു. പാറത്തോട്ടിൽ നിന്നു പാലപ്ര ടോപ് വഴിയാണു വഴി. വിദൂരകാഴ്ചയാണ് ആകർഷണം. നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന മലനിരകൾ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം പ്രദേശങ്ങളുടെ ദൂരക്കാഴ്ച കിട്ടും.

വൈകിട്ടാണു ഊട്ടുപാറയിൽ നിന്നുള്ള ദൃശ്യങ്ങൾക്കു ഭംഗി കൂടുതൽ. അസ്തമയ കാഴ്ച അതിമനോഹരം, നല്ല കാറ്റുമുണ്ട്. ദേശീയപാതയിൽ പാറത്തോട്ടിൽ നിന്നു 6 കിലോമീറ്റർ സഞ്ചരിച്ചാൽ പാലപ്ര ടോപ്പിലെത്തും. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം നടക്കണം.

error: Content is protected !!