പാറത്തോട് പഞ്ചായത്തിൽ സാമൂഹികവിരുദ്ധർ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ തുടരുന്നു

പാറത്തോട്∙ വിവിധ മാലിന്യ നിർമാർജന, ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പാറത്തോട് പഞ്ചായത്ത്‍ ശുചിത്വ പദവി കൈവരിച്ചെങ്കിലും മറുവശത്ത് നിയമങ്ങളും നിരോധനങ്ങളും കാറ്റിൽ പറത്തി സാമൂഹികവിരുദ്ധർ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുകയാണ്. വഴിയിലും പുഴയിലും തുടങ്ങി ആളുകളുടെയും അധികാരികളുടെയും കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നത് നിർബാധം തുടരുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ ,അറവു മാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണ് വഴിയരികിൽ തള്ളുന്നത്. വീടുകളിൽ ഉപയോഗയോഗ്യമല്ലാത്ത ഗൃഹോപകരണങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ , ഇവയുടെ പാർട്സുകൾ, പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ തുടങ്ങി കാലപ്പഴക്കത്താൽ നശിച്ച് ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ വരെയുണ്ട് വഴിയോരങ്ങളിൽ.

മത്സ്യ- മാംസാവശിഷ്ടങ്ങളും മറ്റും നായ്ക്കളും, പക്ഷികളും എടുത്തു കൊണ്ടു പോയി സമീപ വീടുകളുടെ മുറ്റത്തും, ജലസ്രോതസ്സുകളിലും ഇടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മാലിന്യം കിടക്കുന്ന സ്ഥലങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യവും വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.

കാഞ്ഞിരപ്പള്ളി – എരുമേലി ശബരിമല പാതയോരത്ത് ‍ 26-ാം മൈൽ മുതൽ കൂവപ്പള്ളി വരെ മാലിന്യക്കെട്ടുകൾ പതിവു കാഴ്ചയാണ്. കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. റോഡിന്റെ ഇടതു വശം പാറത്തോട് പഞ്ചായത്തും, വലതു വശം കാഞ്ഞിരപ്പള്ളി പഞ്ചായത്തുമാണ്.

വഴിയരികിലെ വേലികളിൽ മാല കോർത്തതുപോലെയാണ് മാലിന്യകെട്ടുകാഴ്ച. പാതയോരത്തെ കാടുകളും കാടുമൂടിയ ഓടകളും മാലിന്യം തള്ളുന്നവർക്കു സൗകര്യമായി. രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും വഴിയരികിലേക്ക് തള്ളി കടന്നുകളയും.

വഴിയരികിൽ ആൾ താമസം കുറഞ്ഞ സ്ഥങ്ങളിലാണു മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത്. 26–ാം മൈൽ ആശുപത്രി മുതൽ ഒന്നാം മൈൽ വരെയുള്ള ഭാഗത്തും ,കൂവപ്പള്ളി മുതൽ കുറുവാമൂഴി വരെയും പലയിടങ്ങളിലും വഴിയരികിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. വഴിയരികിലെ പറമ്പുകളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നു.

പാറത്തോട് – പിണ്ണാക്കനാട് റോഡരികിലും മാലിന്യക്കെട്ടുകൾ പതിവു കാഴ്ചയാണ്. ഇവിടെ റബർ എസ്റ്റേറ്റിൽ ആൾ താമസം ഇല്ലാത്തതിനാൽ ഏതു സമയവും മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളാമെന്ന സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലും എസ്റ്റേറ്റിലും മാലിന്യക്കെട്ടുകൾ തള്ളുന്നു. 26-ാം മൈൽ ചങ്ങലപ്പാലം- ഇടക്കുന്നം റോഡിലും ദേശീയ പാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിൽ പാതയോരത്തും രാത്രി മാലിന്യം തള്ളുന്നു. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

പാറത്തോട്– പിണ്ണാക്കനാട് റോഡരികിലെ റബർ എസ്റ്റേറ്റിലൂടെ ഒഴുകുന്ന തോടും മാലിന്യം തള്ളുന്നവരുടെ കേന്ദ്രമാണ്. തോട്ടിലും കുറുകെയുള്ള കലുങ്കിനടിയിലും മാലിന്യങ്ങളാണ്. 26-ാം മൈൽ പാലത്തിന് അടിയിൽ പടപ്പാടി തോട്ടിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ കഴിഞ്ഞയിടെ പഞ്ചായത്ത് നീക്കം ചെയ്തിരുന്നു.

എന്നാൽ ഇവിടെ വീണ്ടും മാലിന്യങ്ങൾ തള്ളാൻ തുടങ്ങി. സമീപസ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളും പാലത്തിന്റെ തൂണുകളിൽ തട്ടി കെട്ടിക്കിടക്കും. കഴിഞ്ഞ പ്രളയത്തിൽ ബലക്ഷയത്തിലായ പാലം അടുത്തയിടെയാണു അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കിയത്.

error: Content is protected !!