കെഎസ്ആർടിസി പ്രവർത്തന മികവിൽ എരുമേലി ഡിപ്പോ രണ്ടാം സ്ഥാനത്ത്

എരുമേലി ∙ കെഎസ്ആർടിസി സെൻട്രൽ സോൺ ഓപ്പറേറ്റിങ് സെന്ററിലെ പ്രവർത്തന മികവിൽ എരുമേലി ഡിപ്പോ രണ്ടാം സ്ഥാനത്ത്. കലക്‌ഷൻ, ശബരിമല സർവീസുകൾ, വരുമാനം, ബസുകളുടെ ഓപ്പറേറ്റിങ് മികവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹമായത്.

മൂന്നാർ ഡിപ്പോ ആണ് ഒന്നാം സ്ഥാനത്തുള്ളത്. തൃശൂർ , എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകൾ ഉൾപ്പെട്ടതാണ് കെഎസ്ആർടിസി സെൻട്രൽ സോൺ. ശബരിമല മണ്ഡല കാലത്ത് 10 ബസുകൾ സർവീസ് നടത്തി 1.01 കോടി രൂപയും മകര വിളക്ക് കാലത്ത് 14 ബസുകൾ സർവീസ് നടത്തി 64.35 ലക്ഷം രൂപയും എരുമേലി ഡിപ്പോ വരുമാനം ഉണ്ടാക്കിയിരുന്നു.

22 സർവീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. 25 ബസുകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 23 ബസുകൾ മാത്രമാണ് നിലവിൽ സർവീസിനുള്ളത്.പ്രതിദിനം 4 ലക്ഷം രൂപ വരെയാണ് ലഭിക്കുന്ന ശരാശരി വരുമാനം. സ്ഥിരം , താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ 124 ജീവനക്കാരാണ് ഡിപ്പോയിലുള്ളത്.

മുൻപ് 2 തവണ വിവിധ കാരണങ്ങളാൽ എരുമേലി ‍ഡിപ്പോ നിർത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോയിരുന്നു. എന്നാൽ ഈ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടായി നേരിട്ടതോടെയാണു കെഎസ്ആർടിസി അധികൃതർ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞത്.

കോവിഡ് കാലത്ത് നിർത്തിവച്ച നെടുമ്പാശേരി, അങ്ങമൂഴി –കോട്ടയം, ആനക്കാംപൊയിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനും ഡിപ്പോ അധികൃതർ അനുമതി തേടിയിരിക്കുകയാണ്. ഇതിനായി 5 ബസുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!