10000 വനിതാ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക ലക്ഷ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഫോട്ടോ അടിക്കുറിപ്പ് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭക്ഷ്യമേളയും വനിതാദിനാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ‘ദേ രുചി’ എന്ന പേരിൽ നടത്തപ്പെട്ട പരിശീലനത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചു.

വരും വർഷങ്ങളിൽ 10000 വനിതാ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുക എന്ന നേട്ടത്തിലേക്ക് ബ്ലോക്ക് പഞ്ചായത്തിന് എത്താൻ സാധിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. വനിതകൾക്കായി ഇത്തരം ഒരു പരിശീലനം സംഘടിപ്പിച്ചതിനും വനിതാദിനത്തിൽ ഇങ്ങനെ സംഘടിപ്പിക്കാൻ സാധിച്ചതിലും ബ്ലോക്ക് പഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആഘോഷത്തിൽ നൈപുണ്യ വികസന പരിശീലനം നേടിയ വനിതകൾ സംഘടിപ്പിച്ച ഭക്ഷ്യമേള പ്രത്യേക ശ്രദ്ധ ആകർഷിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ് കൃഷ്ണകുമാർ,വിമല ജോസഫ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജുകുട്ടി,രേഖ ദാസ്,ശ്രീജ ഷൈൻ,സിന്ധു മോഹനൻ,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗം പി. ആർ അനുപമ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ,ജോളി മടുക്കക്കുഴി,മാഗി ജോസഫ്, പി കെ പ്രദീപ്, ജൂബി അഷറഫ്, രത്നമ്മ രവീന്ദ്രൻ, ജയശ്രീ ഗോപിദാസ്, ടി.ജെ മോഹനൻ,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അജിമോൻ കെ എസ്,ബി ഡി ഒ ഫൈസൽ എസ്, ജോയിന്റ് ബി ഡി ഒ ടി. ഇ സിയാദ്,വ്യവസായ ഓഫീസർ ഫൈസൽ കെ കെ, ജി ഇ ഒ സുബി, പരിശീലക ദീപ എന്നിവർ സംസാരിച്ചു.
കേക്കുകൾ, ബേക്കറി പ്രോഡക്ടുകൾ, തുടങ്ങി വൈവിധ്യമാർന്നതും രുചികരവുമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും വിപണനവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഭക്ഷ്യമേളയ്ക്ക് വിവിധ പഞ്ചായത്തിലെ വ്യവസായ വകുപ്പ് ഇന്റേൺമാർ നേതൃത്വം നൽകി.

error: Content is protected !!