അത്യാധുനിക നിലവാരത്തിൽ വിഴിക്കത്തോട്ടിൽ ഇന്‍ഡോര്‍ സ്റ്റേഡിയം പൂർത്തിയായി ..
കാഞ്ഞിരപ്പള്ളി : പൊതു വിദ്യാഭ്യാസവകുപ്പ് കായിക വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫും ഭാര്യ പാമ്പാടി ഗവ. എൻജിനീയറിങ് കോളജിലെ കായിക വിഭാഗം മേധാവി ഡോ.സിനി ഏബ്രഹാമും മുൻകൈ എടുത്ത്, അവരുടെ സ്വന്തം നാടായ
വിഴിക്കിത്തോട് ഗ്രാമത്തിൽ അത്യാധുനിക നിലവാരത്തിൽ നിർമ്മിച്ച CHACKZ BADMINTON എന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാർച്ച് 25 ന് വൈകിട്ട് 5.30 ന് ഒളിംപിക്സ് ഹോക്കി മെഡൽ ജേതാവ് പി.ആർ.ശ്രീജേഷ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ .തങ്കപ്പന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.
മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ദ്രോണാചാര്യ കെ.പി. തോമസ്, റിട്ട. കായികാധ്യാപ വി.എൻ.കൃഷ്ണപിള്ള എന്നിവർ സ്റ്റേഡിയത്തിലെ കോർട്ടുകൾ ഉദ്ഘാടനം ചെയ്യും.
ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്ത മലയോര മേഖലയിലെ പുതുതലമുറയ്ക്ക് വ്യായാമത്തി നും കായിക പരിശീലനത്തിനും വേണ്ടിയാണ് ഇൻഡോർ സ്റ്റേ ഡിയം നിർമിച്ചതെന്നു മേഖലയി ലെ വിവിധ സർക്കാർ സ്കൂളുക ളിൽ കായികാധ്യാപകനായിരുന്ന ഡോ.ചാക്കോ ജോസഫ് അറിയിച്ചു.
ചാക്കോ ജോസഫിനു വിരമിച്ചപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് നിർമാണം തുടങ്ങിയ സ്റ്റേഡിയം പൂർത്തീകരിക്കാൻ ഭാര്യയുടെയും മക്കളുടെയും സഹായവും വേണ്ടി വന്നു. വിഴിക്കിത്തോട് – ചേനപ്പാടി റോഡരികിലെ ഇവരുടെ വീടിനോട് ചേർന്നുള്ള 25 സെന്റ് സ്വന്തം സ്ഥലത്തു 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച സ്റ്റേഡിയത്തിന്റെ പ്രതലത്തിൽ ഇറക്കുമതി ചെയ്ത കനേഡിയൻ തടിയാണു പാകിയിരിക്കുന്നത്. ബാഡ്മിന്റനിലാണു പ്രധാനമായും പരിശീലനം. രാവും പകലും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്ന വിധം 120 ലൈറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ഡ്രസിങ് മുറികൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ രാത്രി 11 വരെ യും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിശീലനമുണ്ടാകും. വിഴിക്കിത്തോട് ഗ്രാമത്തിലെ സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ കായികാഭിരുചിയും കഴിവുമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഡോ.ചാക്കോ ജോസഫ് അറി യിച്ചു.
ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ഡബിൾസ് ചാംപ്യനായ ഡോ. ചാക്കോ ജോസഫിനൊപ്പം സംസ്ഥാന, സർവകലാശാല താരങ്ങളായ എം.എം. സനൽ കുമാർ, ജോബിൻ ജോണി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകും.