പെരുംതേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു അവശനായ യുവാവിനെ സാഹസികമായി രക്ഷിച്ച ഹെൽത്ത് ഇൻസ്‌പെക്ടറെ ആദരിച്ചു
മുക്കൂട്ടുതറ : കുല ഒരുക്കാൻ പനയിൽ കയറിയ ചെത്തു തൊഴിലാളി പെരുംതേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇടകടത്തിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നെടുമ്പാറക്കര വീട്ടിൽ എൻ. ബിനു(45) ആണ് പെരുന്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കൂട്ടത്തോടെ ഇളകി തേനീച്ചകൾ പനയിലേക്ക് വരുകയായിരുന്നു,
ആക്രമണം ശക്തമായതോടെ പനയിൽ നിന്നും വേഗത്തിൽ ഇറങ്ങി, തേനീച്ചകളെ തുരത്താൻ, ഉടുത്തിരുന്ന ഷർട്ടും മുണ്ടും ഊരി വീശി ഓടുന്നതിനിടെ ബിനു പൊയ്കത്തോട്ടിൽ വീണു. പൊയ്കയിൽ വെള്ളം കുറവായതിനാൽ തേനീച്ചകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. വീണ്ടും ഓടി അടുത്തുള്ള മുക്കൂട്ടുതറ ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ അവശ നിലയിൽ എത്തി
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത് സദാശിവൻ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി, സാഹസികമായി സ്വന്തം കാറിൽ ബിജുവിനെ അടുത്തുള്ള മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഇൻസ്‌പെക്ടർക്കും തേനീച്ചകളിൽ നിന്ന് കുത്തേറ്റു. ചികിത്സയിൽ ബിജു അപകടനില തരണം ചെയ്തു . ഹെൽത്ത് ഇൻസ്‌പെക്ടറുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു.
ജീവൻ രക്ഷിക്കുന്നതായി അവസരോചിത ഇടപെടൽ നടത്തിയ സജിതിനെ എരുമേലി സർക്കാർ ആശുപത്രിയിൽ യോഗത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.