എരുമേലി പഞ്ചായത്തിൽ അവിശ്വാസം പാസായി : യുഡിഎഫ് ഭരണത്തിലേക്ക്..

എരുമേലി : എരുമേലി പഞ്ചായത്തിൽ രണ്ട് വർഷം പിന്നിട്ട ഇടതുഭരണം വീണു. പഞ്ചായത്ത്‌ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ പ്രതിപക്ഷമായ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം എതിരില്ലാതെ പാസായി. കൂറുമാറ്റവും ജാമ്യമില്ലാ കേസും ഉൾപ്പടെ പ്രതിസന്ധികൾ താണ്ടി അവിശ്വാസം വിജയിച്ച യുഡിഎഫ് ‌ ഇനി ഭരണത്തിന്റെ പടിവാതിലിൽ . ഇനി നിർണായകമാകുന്നത് ഒരു മാസത്തിനുള്ളിൽ നടക്കുന്ന പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതുവരെ ആക്റ്റിംഗ് പ്രസിഡന്റായി വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ മറിയാമ്മ ജോസഫിന് (ജിൻസി) ചുമതല കൈമാറി.

ചൊവ്വാഴ്ച രാവിലെ 11 ന് പ്രത്യേക കമ്മറ്റിയിലായിരുന്നു പ്രസിഡന്റ് സിപിഎമ്മിലെ തങ്കമ്മ ജോർജ്കുട്ടിക്കെതിരെ അവിശ്വാസ പ്രമേയം. തുടർന്ന് ഉച്ചക്ക് രണ്ടിന് പ്രത്യേക കമ്മറ്റിയിൽ വൈസ് പ്രസിഡന്റ് സിപിഐ യിലെ അനിശ്രീ സാബുവിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. രണ്ട് കമ്മറ്റിയിലും എൽഡിഎഫി ലെ 11 അംഗങ്ങളും പങ്കെടുത്തില്ല. 23 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്റെ 11 അംഗങ്ങളും സ്വതന്ത്രനും പങ്കെടുത്തു. ഇവർ അവിശ്വാസ പ്രമേയങ്ങളെ പിന്തുണച്ചു. ഭരണപക്ഷം വിട്ടു നിന്നതിനാൽ ചർച്ച വേണ്ടിവന്നില്ല. വോട്ടെടുപ്പില്ലാതെ തന്നെ ഭൂരിപക്ഷമായ 12 അംഗങ്ങളുടെ പിന്തുണ ഉള്ളതിനാൽ അവിശ്വാസ പ്രമേയങ്ങൾ പാസായെന്ന്
അധ്യക്ഷനായിരുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ് ഫൈസൽ അറിയിച്ചു.

ഇനി പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നിശ്ചയിച്ച് വിജ്ഞാപനമിറക്കണം. ഇതിനായി എരുമേലി പഞ്ചായത്ത് വരണാധികാരിയായ കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർക്ക് അവിശ്വാസ പ്രമേയങ്ങൾ പാസായതിന്റെ റിപ്പോർട്ട് നൽകുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഒരു മാസമാണ് സാവകാശം.

നിലവിൽ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പദവികൾ കോൺഗ്രസ്‌ ആണ് വഹിക്കുന്നത്. ഇനി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കൂടി നേടുന്നതോടെ ഭരണം പൂർണമായും കോൺഗ്രസിലേക്ക് എത്തും. അതേസമയം ഇനിയും നാടകീയ നീക്കങ്ങൾ ഉണ്ടായേക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്തർ നാടകങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവിശ്വാസ പ്രമേയത്തിൽ വിട്ടു നിന്ന ഇടതുപക്ഷ അംഗങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തീരുമാനമായാൽ വോട്ടെടുപ്പ് നിർണായകമായി മാറും.

യുഡിഎഫിലും എൽഡിഎഫിലും 11 അംഗങ്ങൾ വീതം തുല്യ കക്ഷി നിലയിലാണ്. സ്വതന്ത്രന്റെ പിന്തുണയിലാണ് കോൺഗ്രസിന് അവിശ്വാസ പ്രമേയത്തിൽ ഭൂരിപക്ഷം കിട്ടിയത്. ഇനി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ പിന്തുണ നൽകണമെങ്കിൽ ധാരണ ഉറപ്പാക്കണം. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രന് നൽകേണ്ടി വരും. ഒപ്പം പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ തന്റെ അഭിപ്രായം പരിഗണിക്കണമെന്നും സ്വതന്ത്രൻ ആവശ്യപ്പെടുമെന്നാണ് സൂചന.

ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് ഇപ്പോൾ അവിശ്വാസം പാസാക്കി ഭരണത്തിലേക്കുള്ള പടിവാതിലിൽ കോൺഗ്രസ്‌ എത്തിനിൽക്കുന്നത്. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്വതന്ത്രന്റെ പിന്തുണയിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വോട്ട് അസാധു ആയത് മൂലം തുല്യ വോട്ടായി മാറി. ഇതോടെ നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ല. അങ്ങനെ ഭൂരിപക്ഷം ഇല്ലാതെ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനമായി. അപ്പോഴും വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രനായിരുന്നു. പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാൻ ആറ് മാസം കഴിഞ്ഞ് കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വന്തം അംഗമായ പ്രകാശ് വിട്ടുനിന്നത് മൂലം പരാജയപ്പെട്ടു. കൂറുമാറ്റം ആരോപിച്ച് ഈ അംഗത്തിനെതിരെ കോൺഗ്രസ്‌ പരാതി നൽകി. ഇതോടെ സ്വതന്ത്രന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസം അവതരിപ്പിച്ച് എൽഡിഎഫ് നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ

വോട്ട് അസാധു ആയ കോൺഗ്രസ്‌ അംഗത്തിന് ഇതിനിടെ സർക്കാർ ജോലി കിട്ടി രാജി വെച്ചതോടെ വാർഡിൽ ഉപ തെരഞ്ഞെടുപ്പായി. ഭരണം നിലനിർത്താനും അട്ടിമറിക്കാനും നിർണായകമായ ഈ ഉപ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസ്‌ ജയിച്ചതോടെ ആണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിന് കളം ഒരുങ്ങിയത്. കൂറുമാറ്റ പരാതി പിൻവലിച്ച് പ്രകാശിനെ കോൺഗ്രസ്‌ തിരിച്ചെടുത്തു. പിന്തുണ പിൻവലിച്ച സ്വതന്ത്രനെ അനുനയിപ്പിച്ചു ഒപ്പം നിർത്തി. തുടർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയപ്പോൾ ഇതിനുള്ള കമ്മറ്റിയിൽ പങ്കെടുത്താൽ അറസ്റ്റിലാകുമെന്ന നിലയിൽ തടസമായി കോൺഗ്രസിലെ അംഗം നാസർ പനച്ചിക്കെതിരെ കേസെത്തി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന വനിതാ അസി. എഞ്ചിനീയറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിലായിരുന്നു കേസ്. ഇതിന് മുൻ‌കൂർ ജാമ്യം നേടിയതിന്റെ പിറ്റേന്ന് അവിശ്വാസ പ്രമേയം പാസാക്കാൻ കഴിഞ്ഞു.

പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ എരുമേലിയിൽ കോൺഗ്രസ്‌ അംഗങ്ങളിൽ ആറ് പേർ വനിതകളാണ്. ഇവരിൽ നാല് പേരുടെ പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. ഭരണം ഇടതുപക്ഷത്തിന് കിട്ടിയത് മുതൽ അബദ്ധങ്ങളും പിഴവുകളും മൂലം രണ്ട് വർഷക്കാലം പ്രതിപക്ഷത്തായിരുന്നു കോൺഗ്രസ്‌. ഇപ്പോൾ അവിശ്വാസം പാസായതോടെ കോൺഗ്രസിൽ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. പക്ഷെ, ഇനി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന ചോദ്യത്തിന് തർക്കങ്ങൾ ഇല്ലാതെ തീരുമാനം കണ്ടെത്തുക എന്നത് കോൺഗ്രസിൽ വെല്ലുവിളിയാണ്.
തർക്കങ്ങൾ ഇല്ലാതെ തീരുമാനം എടുക്കുമെന്ന് നേതൃത്വം പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രന് നൽകുന്നതിൽ തർക്കങ്ങളില്ല.

അതേസമയം എൽഡിഎഫി ൽ ഭരണം നഷ്‌ടപ്പെട്ടതിന്റെ വേവലാതി ഇല്ലന്നും അവിശ്വാസത്തിനെതിരെ സ്വതന്ത്രന്റെ പിന്തുണ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ പ്രതിപക്ഷമാകാൻ തയ്യാറായെന്നും നേതാക്കൾ പറഞ്ഞു. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നത്. പ്രതിപക്ഷത്ത് തികഞ്ഞ ഉത്തരവാദിത്വത്തോടെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലകൊള്ളുമെന്ന് നേതാക്കൾ പറഞ്ഞു.

error: Content is protected !!