ഇവിടെയുമുണ്ട്, അരിക്കൊമ്പന്റെ അനുയായികൾ…


ജനവാസമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇടുക്കിയിലെ അരിക്കൊമ്പൻ എന്ന ആനയെ മാറ്റുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. അരിക്കൊമ്പൻ വലിയ വാർത്തയായതുകൊണ്ട് സംസ്ഥാനമാകെ അറിഞ്ഞു. അതുപോലെയോ, അതിലും രൂക്ഷമായോ ഉള്ള വന്യജീവി സംഘർഷങ്ങൾ നേരിടുന്ന കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിലൂടെ…

മുണ്ടക്കയം ഈസ്റ്റ്

രണ്ടുവർഷം മുൻപാണ് പെരുവന്താനം പഞ്ചായത്തിലെ ടി.ആർ. ആൻഡ് ടി. റബ്ബർ എസ്റ്റേറ്റിന്റെ ഭാഗമായ കടമാൻകുളം, ചെന്നാപ്പാറ, ഇ.ഡി.കെ., മതമ്പ, വള്ളിയാങ്കാവ് എന്നിവിടങ്ങളിലും കോരുത്തോട് പഞ്ചായത്തിലെ മൈനാക്കുളം, കൊമ്പുകുത്തി അടക്കമുള്ള പ്രദേശങ്ങളിലും വന്യജീവികൾ കൂടുതലായി ജനവാസമേഖലകളിൽ എത്തിത്തുടങ്ങിയത്.

ഈ കാലയളവിൽ 30 ഓളം പശുക്കളും കിടാക്കളും അത്രതന്നെ വളർത്തുനായകളും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. വനംവകുപ്പ് ഇ.ഡി.കെ., ചെന്നപ്പാറ എന്നിവിടങ്ങളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുകയും പുലിക്കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഒരു ജീവിയുടെ പോലും ചിത്രങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞില്ല. കൂട് സ്ഥാപിച്ച സ്ഥലത്തുനിന്നും കിലോമീറ്റർ മാറി പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞിരുന്നു. കാൽപ്പാടുകൾ പുലിയുടേതിന് സമാനമായ രീതിയിൽ ആണെന്നും വളർത്തുമൃഗങ്ങളെ കൊന്നത് പുലി ആകാമെന്നും വനംവകുപ്പ് നിഗമനം.

കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാർ കണ്ടു. കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. ഒരുമാസം മുൻപ് വനത്തോടുചേർന്ന പ്രദേശത്ത് ചിലർ ഒറ്റയാനെ കണ്ടിരുന്നു. ഇപ്പോൾ ആനശല്യം പൂർണമായും ഇല്ലാതായി. വേനൽ രൂക്ഷമായ സമയത്ത് ആനകൾ തമ്പടിച്ചിരുന്ന തോട്ടത്തിലെ പൊന്തക്കാടുകൾ കത്തിയമർന്നയോടെയാണ് ആനകൾ കാട്ടിലേക്ക് ഉൾവലിഞ്ഞത്. വനാതിർത്തികളിൽ കിടങ്ങുകളും സൗരോർജ്ജ വേലികളും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിക്കുകയും സർവേ നടത്തുകയുംചെയ്തു. എങ്കിലും ഇതേവരെ നിർമാണം ഇല്ല.

കൊമ്പുകുത്തി, മൈനാക്കുളം പ്രദേശങ്ങളിൽ ഒന്നര കിലോമീറ്റർ നീളത്തിൽ മാത്രമാണ് സൗരോർജവേലി യുള്ളത്. ടി.ആർ.ആൻഡ് ടി. എസ്റ്റേറ്റുമായി അതിര് പങ്കിടുന്ന വനമേഖലകളിൽ ഒരിടത്തുപോലും കിടങ്ങുകളോ സൗരോർജവേലികളോ സ്ഥാപിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് ഇ.ഡി.കെ.യിൽ പശുക്കിടാവിനെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ വനംവകുപ്പിനെ പലതവണ വിവരമറിയിച്ചിട്ടും ഇവർ അന്വേഷണം നടത്തുകയോ പോസ്റ്റ്മോർട്ടം നടത്തുകയോ ചെയ്തില്ലെന്നും പരാതിപ്പെടുന്നു.

കാഞ്ഞിരപ്പള്ളി

:കാട് അങ്ങ് അകലെയാണെങ്കിലും വന്യജീവികളുടെ ശല്യം ഇങ്ങ് നാട്ടിലുമുണ്ട്. കുറുനരിയും കാട്ടുപന്നിയുമൊക്കെ കാട് വിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. വാഴ, കപ്പ, ചേന, ചേമ്പ്, റബർത്തൈകൾ എന്നിവയിലാണ് നഷ്ടമേറെ. വാഴ, കപ്പ, ചേന ചേമ്പ്, തുടങ്ങിയവ കുത്തി നശിപ്പിക്കുകയാണെങ്കിൽ റബ്ബറിന്റെ തൊലി കാട്ടുപന്നികൾ തേറ്റ ഉപയോഗിച്ച് വെട്ടിക്കീറി നശിപ്പിക്കുന്നു.

വേങ്ങത്താനം, പാലപ്ര, വെളിച്ചിയാനി, താന്നിയ്ക്കപതാൽ, മാങ്ങാപ്പാറ, പഴുമല എന്നീ പ്രദേശങ്ങളിലാണ് കാട്ടു പന്നികളുടെ ശല്യം രൂക്ഷം. വേങ്ങത്താനത്ത് മൂന്നുവർഷം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവമുണ്ടായി. ഇവിടെ ഒട്ടേറെ പേർക്ക് കാട്ടുപന്നികളുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും സന്ധ്യ കഴിഞ്ഞാൽ കുറുനരികളുടെ വിളയാട്ടമാണ്. പകൽ ആളൊഴിഞ്ഞ റബ്ബർതോട്ടങ്ങിലും, കുറ്റിക്കാടുകളിലുമാണ് കഴിച്ചുകൂട്ടുന്നത്. കോഴി, താറാവ്, മുയൽ എന്നിവയെ കൂടുകളിൽനിന്നും പിടിച്ചുകൊണ്ടുപോകും. പശു, ആട് എന്നിവയെ കൂട്ടംചേർന്നു ആക്രമിക്കും.

പാറത്തോട് ജനവാസമേഖലയിൽ ഇടക്കുന്നത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ശബരിമല വനാതിർത്തിയിൽനിന്ന് 16 കിലോമീറ്ററോളം സഞ്ചരിച്ചാണ് കാട്ടുപോത്ത് ഇടക്കുന്നത്തെത്തിയത്. ഫെബ്രുവരി 28-നാണ് കാട്ടുപോത്ത് ഇറങ്ങുന്നത്. പിന്നീട് 14 ദിവസം കഴിഞ്ഞാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ച് വീഴ്ത്തി പിടികൂടി കാട്ടിലെത്തിച്ചത്. കാട്ടുപോത്തിനെകണ്ട് പേടിച്ച് ഒടുന്നതിനെ വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു.

എരുമേലി

:എരുമേലി പഞ്ചായത്തിലെ മൂക്കംപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി, കണമല വാർഡുകൾ വനാതിർത്തി പ്രദേശങ്ങളാണ്. സമീപം പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളി, നാറാണംതോട്, അരയാഞ്ഞിലിമൺ പ്രദേശങ്ങളും. മൂക്കംപെട്ടിയിൽ അഴുത, കാളകെട്ടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും സാന്നിധ്യമാണ് കൂടുതൽ. പലയിടങ്ങളിലും സൗരവേലികൾ പ്രവർത്തന രഹിതം.

error: Content is protected !!