എരുമേലി തുമരംപാറയിൽ അജ്ഞാത ജീവി മുയലുകളെ കൊന്നു; പുലിയെന്ന് സംശയം, നാട്ടുകാർ ഭീതിയിൽ..

എരുമേലി : വളർത്തു മുയലുകളെ കൊന്നത് ചെറിയ പുലിയോ കാട്ടുപൂച്ചയോ ആയിരിക്കാമെന്ന നിഗമനത്തിൽ വനം വകുപ്പ്. പ്രദേശത്ത് രാത്രി പട്രോളിംഗ് ആരംഭിച്ചു. എരുമേലി തുമരംപാറയിലാണ് സംഭവം. വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഭാഗത്ത് താമസിക്കുന്ന പ്ലാങ്കൂട്ടത്തിൽ ഷാജിയുടെ പുരയിടത്തിൽ നിന്നുമാണ് രണ്ട് വളർത്തു മുയലുകളെ കൂട് തകർത്ത് അജ്ഞാത ജീവി പിടികൂടി കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് ഷാജി പറയുന്നു. ശബ്ദം കേട്ട് എണീറ്റ് നോക്കിയ വീട്ടുകാർ കണ്ടത് പശുക്കിടാവിന്റെ അത്രയും വലുപ്പവും ഉയരവുമുള്ള ജീവിയെ ആയിരുന്നു. കടുവ ആയിരിക്കുമെന്ന് ഭയന്ന് വീട്ടുകാർ നിലവിളിച്ചതോടെ അജ്ഞാത ജീവി ഓടിമറഞ്ഞു.

ജീവിയുടെ കാൽപാട് കടുവയുടേത് ആണെന്ന് സംശയിച്ച് വാർഡ് അംഗവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ഇ ജെ ബിനോയ്‌ സമൂഹ മാധ്യമത്തിൽ സംഭവം പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വനപാലക സംഘം എത്തി പരിശോധന നടത്തി. കടുവയുടെ കാൽപ്പാട് അല്ലെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ചെറിയ പുലിയോ പൂച്ചപ്പുലിയോ (കാട്ടുപൂച്ച) ആകാമെന്ന സംശയം ആണ് അറിയിച്ചത്. അതേസമയം സമീപ പ്രദേശങ്ങളിൽ എങ്ങും സമാന സംഭവമുണ്ടായിട്ടില്ല. അടുത്ത് പശുക്കിടാവും ആടുകളും നായകളുമൊക്കെ ഉണ്ടായിട്ടും വളർത്തു മുയലുകളെ മാത്രം തേടി പിടിച്ചതിനാൽ കാട്ടുപൂച്ച ആയിരിക്കാനാണ് സാധ്യത ഏറെയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുലി ആയിരുന്നെങ്കിൽ പശുക്കിടാവിനെയും ആടുകളെയും നായകളെയുമൊക്കെ പിടിക്കൂടുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം സംബന്ധിച്ച് ഭീതി വേണ്ടെന്നും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു.

error: Content is protected !!