പൊടിമറ്റം ആത്മാഭിഷേക ബൈബിൾ കൺവൻഷന് തുടക്കമായി

കാഞ്ഞിരപ്പള്ളി: മാനസാന്തരത്തിലൂടെ പുതിയ മനുഷ്യരായി മാറാന്‍ കൺവൻഷനിലൂടെ സാധിക്കണമെന്ന് വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പറഞ്ഞു. സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിൽ നടക്കുന്ന 33-ാമത് പൊടിമറ്റം ആത്മാഭിഷേക ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ആത്മാവില്‍ ബാധിച്ചിരിക്കുന്ന അന്ധതയെ മനസിലാക്കാന്‍ നമുക്ക് സാധിക്കണം. പുതിയ മനുഷനായി തീരുന്ന ആത്മീയ അത്ഭുതം കണ്‍വന്‍ഷനിലൂടെ സാധിക്കണം. പണത്തിന്റെയും അധികാരത്തിന്റെയും സുഗസൗകര്യങ്ങളുടെയും പിന്നാലെ പോകാതെ ദൈവത്തിന്റെ പിന്നാലെ പോകാന്‍ സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പുതിയ മനുഷരായി മാറാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഫാ. മാത്യു ഒഴത്തില്‍ കുര്‍ബാനയര്‍പ്പിച്ചു. ഫാ. മാത്യു വട്ടമാക്കല്‍, ഫാ. എഡ്‌വിന്‍ കടവന്തറ എന്നിവര്‍ സഹകാര്‍മികരായി.

നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 8.30 വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ 30ന് സമാപിക്കും. 27നും 28-നും വൈകിട്ട് 4.15-ന് ജപമാല. അഞ്ചിന് കുര്‍ബാന, 5.45-ന് വചനപ്രഘോഷണം. 29-ന് വൈകിട്ട് 4.15-ന് ജപമാല, അഞ്ചിന് കുര്‍ബാന- കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, 5.45-ന് വചനപ്രഘോഷണം. 30-ന് വൈകിട്ട് നാലിന് ജപമാല, 4.30-ന് കുര്‍ബാന, 5.30-ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് വചനപ്രഘോഷണം, ആരാധന. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരം, കൗണ്‍സലിങ് എന്നിവയ്ക്ക് സൗകര്യമുണ്ട്. രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും പ്രത്യേക ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, കണ്‍വീനര്‍മാരായ ദേവസ്യ കുളമറ്റം, അഡ്വ. ജ്യോതിഷ് കരിപ്പാപ്പറമ്പില്‍, ഇടവക സെക്രട്ടറി ബെന്നി പാമ്പാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

error: Content is protected !!