ബഫർ സോൺ വിധിയിൽ ഇളവ്; സമ്പൂർണനിയന്ത്രണങ്ങൾ നീക്കി സുപ്രീംകോടതി
ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മുൻ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പൂർണ നിയന്ത്രണമേർപ്പെടുത്തുന്നതായിരുന്നു 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി. ഇതനുസരിച്ച് മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ അടക്കം തടഞ്ഞിരുന്നു. ഈ വിധിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്.
ബഫർ സോണിൽ സമ്പൂർണ നിയന്ത്രണമല്ല കോടതി ഉദ്ദേശിക്കുന്നത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ആശങ്കയുള്ളതെന്ന് കോടതി വ്യക്തമാക്കി.
ക്വാറി അടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വീട് നിര്‍മാണം, മറ്റ് ചെറുകിട നിർമാണപ്രവർത്തനങ്ങൾ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.