എരുമേലി റാന്നി റോഡിലെ കരിമ്പിൻതോട്ടിലെത്താനുള്ള എളുപ്പവഴി അപകടകരം
എരുമേലി: കുറുവാമൂഴിയിൽനിന്നു എരുമേലി ടൗണിലെത്താതെ ക്ഷേത്രത്തിന് പിന്നിലൂടെ റാന്നി റോഡിലെ കരിമ്പിൻതോട്ടിലെത്താനുള്ള എളുപ്പവഴി അപകടകരം. ആറ് കിലോമീറ്ററോളം ദൂരമുള്ള റോഡിൽ കുത്തനെയുള്ള ഇറക്കവും, കയറ്റവും, മറുവശം കാണാനാവാത്ത വളവുകളും നിരവധി. ഗതാഗത തിരക്കുള്ള റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.
റോഡിന്റെ ഏറ്റവും അപകടകരമായ ഭാഗം ധർമശാസ്താ ക്ഷേത്രത്തിന്റെ പിൻഭാഗമാണ്. മറുവശം കാണാനാവാത്ത വളവാണ് ഇവിടം. വളവിൽ റോഡിന്റെ ഇരുവശത്തുമായി രണ്ട് ഇടറോഡുകൾ ഉണ്ട്. ഒന്ന് ക്ഷേത്രത്തിലേക്കും, മറ്റൊന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമായ ഗ്രാമീണ റോഡുമാണ്. നാല് വശത്തൂടെയും വാഹനങ്ങൾ എത്തുന്നയിടം. പക്ഷേ തൊട്ടടുത്തെത്തിയാലെ കാണാനാകൂ. വാഹനങ്ങൾ നിർത്തിയും, വേഗം കുറച്ചും, തുടർച്ചയായി ഹോൺ മുഴക്കിയും വേണം ഈ ഭാഗം കടക്കാൻ.
വാഹനങ്ങൾക്ക് വേഗ നിയന്ത്രണവും, മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ മരാമത്ത് വകുപ്പിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാളിതുവരെ കേട്ടമട്ടില്ല. സുരക്ഷാർഥം ട്രാഫിക് കോൺവെക്‌സ് മിറർ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. രണ്ട് വർഷത്തിനിടെ 10-ലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.