ഇളങ്ങുളം ശാസ്താക്ഷേത്രത്തിൽ പാനകപൂജ നടത്തി
ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ ആലങ്ങാട്ടുയോഗത്തിന്റെ പാനകപൂജ വെള്ളിയാഴ്ച രാത്രി നടന്നു. ആലുവ ശിവരാത്രി മണപ്പുറത്തുനിന്ന് അയ്യപ്പചൈതന്യം നിറഞ്ഞ ഗോളകയും വഹിച്ച് അമ്പാട്ട് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട്ട് യോഗത്തിന്റെ പേട്ടപുറപ്പാട് ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ താന്ത്രികചടങ്ങുകൾ മാത്രമായാണ് നടത്തിയത്. ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി ഡി.സുനിൽ കാഞ്ഞിരമുറ്റം തുടങ്ങിയവർ ചേർന്ന് യോഗപ്രതിനിധികളെ സ്വീകരിച്ചു. പുറയാറ്റിക്കളരിയിൽ രാജേഷ് കുറുപ്പ്, അഴകം അജയൻ, പി.രമേശൻ, എ.എസ്.സുജിത്ത്, എ.എസ്.ശ്രീനിവാസൻ, സി.വിവേക്, കെ.എസ്.വത്സരാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ അയ്യപ്പഗോളകയും പീഠങ്ങളും കൊടിക്കൂറയും വാളുകളും പ്രതിഷ്ഠിച്ചായിരുന്നു പാനകപൂജ. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ തുടങ്ങിയ മൂർത്തികളെ പ്രതിഷ്ഠിച്ചു. ശർക്കര, ഏലയ്ക്ക, ചുക്ക്, തേൻ എന്നിവ ചേർത്തുണ്ടാക്കിയ പാനകം നിവേദിച്ചു. ചടങ്ങുകൾക്കുശേഷം നിവേദ്യവിതരണം നടത്തി. ശനിയാഴ്ച ചിറക്കടവ് മഹാദേവക്ഷേത്രമുൾപ്പെടെ പ്രധാന ക്ഷേത്രങ്ങളിൽ കിഴിപ്പണം സമർപ്പിച്ചതിനുശേഷം എരുമേലിക്ക് തിരിക്കും. വൈകീട്ട് എരുമേലിയിൽ പാനകപൂജ നടത്തും.