എങ്ങനെ നന്നായി ഭരിക്കാം എന്നതിനെക്കുറിച്ച് ജനപ്രതിനിധികൾക്ക് ക്ലാസ്

എങ്ങനെ നന്നായി ഭരിക്കാം എന്നതിനെക്കുറിച്ച് ജനപ്രതിനിധികൾക്ക് ഈ മാസം 13-ന് ക്ലാസുകളാരംഭിക്കും. ജനപ്രതിനിധി ആദ്യം അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ എന്തൊക്കെയാണ്, എങ്ങനെ നന്നായി ഭരിക്കാം തുടങ്ങിയ ഓൺലൈൻ പരിശീലന പരിപാടിയാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 21577 ജനപ്രതിനിധികൾ ഒരേസമയം ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കും. നേരത്തെ ജനപ്രതിനിധികൾ കിലയിൽ എത്തിയോ കില റിസോഴ്‌സ് പേഴ്‌സന്മാർ നേരിട്ട് ചെന്നോ ആണ് ക്ലാസെടുത്തിരുന്നത്. കോവിഡിനെ തുടർന്നാണ് വെർച്വൽ ക്ലാസുകൾ എന്ന ആശയം ഉയർന്നത്.

തൃശ്ശൂർ ആസ്ഥാനമായുള്ള കേരള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തിൽ ജനുവരി 13 മുതൽ 16 വരെയാണ്‌ പരിശീലനം. രാവിലെ 10 മുതൽ ഒരു മണിവരെ പഞ്ചായത്തംഗങ്ങൾക്കും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അംഗങ്ങൾക്കുമാകും ക്ലാസുകൾ. 

പരിശീലകർക്ക് മൂന്ന് ഘട്ടങ്ങളിലായുള്ള പരിശീലനം വെള്ളിയാഴ്ച പൂർത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ 331 പേർക്ക് പിന്നീട് നേരിട്ട് പരിശീലനം നൽകും. നെറ്റ്‌വർക്ക് തകരാർ മൂലം ക്ലാസുകൾ മുടങ്ങാതിരിക്കാൻ പെൻഡ്രൈവിൽ കോപ്പി ചെയ്ത് നൽകിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് എട്ട് കൈപ്പുസ്തകങ്ങളും നൽകും. പരിശീലനത്തിന് ശേഷം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നവിധം ക്ലാസുകൾ കിലയുടെ വെബ്‌സൈറ്റിലും യൂട്യൂബിലും അപലോഡ് ചെയ്യും. പൊതുഭരണം, പഞ്ചായത്തിരാജ്, ഭരണസംവിധാനം, സ്റ്റാൻഡിങ്‌ കമ്മിറ്റി, വികേന്ദ്രീകൃത ആസൂത്രണം, ധന മാനേജ്‌മെന്റ്, പൊതുമരാമത്ത്, സാമൂഹിക ക്ഷേമം, മാലിന്യ സംസ്‌കരണം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ 40 ക്ലാസുകളാണുള്ളത്. 

error: Content is protected !!