ചിറ്റാർപ്പുഴ കൈത്തോട്ടിൽ കുളവാഴകൾ തിങ്ങിനിറഞ്ഞു.
കാഞ്ഞിരപ്പള്ളി: പൂതക്കുഴിയിൽ ചിറ്റാർപ്പുഴയുടെ കൈത്തോൽ ചെക്ക്ഡാമിന്റെ മേൽവശത്ത് വീണ്ടും കുളവാഴകൾ തിങ്ങിനിറഞ്ഞു. കുളവാഴകൾ മൂലം ചെക്ക്ഡാമിലെ വെള്ളം ഉപയോഗിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഇരുപത്താറാം മൈൽ മുതൽ പൂതക്കുഴി ചെക്ക്ഡാം വരെയുള്ള ഭാഗത്താണ് തോട്ടിൽ കുളവാഴകളുടെ ഇനത്തിൽപ്പെട്ട ചെടികൾ നിറഞ്ഞിരിക്കുന്നത്. കുട്ടനാടൻ മേഖലയിലെ ജലാശയങ്ങളിൽ ഇവ ഉണ്ടാകുന്നതും പൂക്കുന്നതും പതിവ് കാഴ്ചയാണെങ്കിലും മലയോര മേഖലയിലെ തോടുകളിലോ മറ്റു ജലാശയങ്ങളിലോ ഇത്തരത്തിൽ സാധാരണ കാണാറില്ല.
എന്നാൽ, രണ്ടു വർഷമായി പൂതക്കുഴിയിലെ തോട്ടിൽ കുളവാഴകൾ നിറയുന്നുണ്ട്. സുന്ദരമാണ് എന്നാൽ, കഴിഞ്ഞ വർഷവും ഇത്തരത്തിൽ തോട്ടിൽ ഇവ അടിഞ്ഞുകൂടിയിരുന്നു. അന്ന് കൂട്ടത്തോടെ പൂത്തു നിൽക്കുന്ന കാഴ്ച കാണാൻ നിരവധിപ്പേരാണ് എത്തിയിരുന്നത്. കാണുന്നവർക്ക് ഇതു മനോഹര കാഴ്ചയാണങ്കിലും തോടിന്റെ തീരത്തുള്ളവർക്കു കുളവാഴകൾ ദുരിതമാണ് സമ്മാനിക്കുന്നത്.
ചെക്ക്ഡാമിൽ നിറയെ വെള്ളമുണ്ടെങ്കിലും ഇവ നിറഞ്ഞതിനാൽ കുളിക്കാൻ പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇവ നീക്കി വെള്ളം ഉപയോഗിക്കാം എന്നു വച്ചാലും ചൊറിച്ചിലടക്കം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും ആളുകളെ പിന്തിരിപ്പിക്കുന്നു.
തോടു നിറയെ ശല്യംകൂടാതെ കുളവാഴകളുടെ പൂക്കളിൽ വന്നിരിക്കുന്ന പ്രാണികളും വണ്ടുകളും സമീപത്തെ താമസക്കാർക്കു കുറച്ചൊന്നുമല്ല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവ തോട്ടിലാകെ നിറഞ്ഞതോടെ തോട്ടിലെ മത്സ്യസമ്പത്തിനും കുറവു വന്നതായി നാട്ടുകാർ പറയുന്നു.
മത്സ്യങ്ങൾ ഇല്ലാതായതോടെ വേനൽക്കാലത്തു സ്ഥിരമായി കണ്ടുവന്നിരുന്ന പക്ഷികളുടെ സാന്നിധ്യവും ഇല്ലാതായി. മഴക്കാലത്തിനു മുന്പേ കുളവാഴകൾ നീക്കം ചെയ്തില്ലെങ്കിൽ ചിറ്റാർപ്പുഴയാകെ ഇവ ഒഴുകിപ്പരക്കും.