കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് ചേട്ടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കണമല: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസിന് (60), കണമലയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വൻ ജനാവലിയാണ് മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചു കൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ
പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസ് (60), പുറത്തേല്‍ ചാക്കോച്ചന്‍ (65), എന്നിവർ മരണമടഞ്ഞത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ട് നൽകിയ തോമസിൻ്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ തന്നെ കണമലയിലെ വീട്ടിലെത്തിച്ചിരുന്നു. നിരവധി പേരാണ് ഇന്നലെ രാത്രിയിലും, ഇന്നുമായി വീട്ടിലെത്തി ആദരാജ്ഞലിയർപ്പിച്ചത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. കണമല സെൻ്റ തോമസ് പള്ളിയിൽ നടന്ന സംസ്കാരശുശ്രൂഷകൾക്ക്
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്, ജനപക്ഷം നേതാവ് പി സി ജോർജ്,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജോർജ്കുട്ടി ആഗസ്തി, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വനം, റവന്യു, പോലിസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേല്‍ ചാക്കോച്ചന്റെ മൃതദേഹം തിങ്കളാഴ്ച സാംസ്‌ക്കരിക്കും.ഞായറാഴ്ച മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.