ചിറ്റടിയിൽ വാഹന അപകടം: ഒരാൾ മരിച്ചു
മുണ്ടക്കയം: ദേശീയപാതയിൽ ചിറ്റടി അട്ടിവളവിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കോട്ടയം കുമരകത്തിനടുത്ത് ചെങ്ങളം മലയ പറമ്പിൽ അഷറഫ് -ബേനസീർ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാത്തിം ( 24) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 12:30 യോടു കൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി പാറത്തോട് താമസിക്കുന്ന ബന്ധുവിന്റെ വിവാഹത്തിന്റെ മൈലാഞ്ചി പാർട്ടിയിൽ പങ്കെടുത്ത ശേഷം കൂട്ടിക്കലുള്ള ബന്ധു വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട ഇന്നോവ കാർ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
തൊട്ടു പിന്നാലെ മറ്റു രണ്ടു കാറുകളിലായി എത്തിയിരുന്ന ബന്ധുക്കൾ കാർ അപകടത്തിൽ പെടുന്നത് കണ്ടു വാഹനം നിർത്തി രക്ഷ പ്രവർത്തനം നടത്തി.അതുവഴി വന്ന ടൂറിസ്റ്റ് ബസ് യാത്രക്കാർ ഇറങ്ങി തലകീഴായി മറിഞ്ഞു കിടന്ന ഇന്നോവ കാർ ഉയർത്തി.മുണ്ടക്കയം പൊലീസും അഗ്നി രക്ഷ സേനയും എത്തി വാഹനത്തിലുണ്ടായിരുന്നവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഹാത്തിമിന്റെ ജീവൻ രക്ഷിക്കാനായില്ല.കാറിൽ എട്ടോളം പേരുണ്ടായിരുന്നു
ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഹാത്തിമിന്റെ മാതാവ് ബേനസീർ (56) സഹോദരി ലാമിയ മറിയം (27) എന്നിവരെ പാല മാർ സ്ലീവ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു.
ലാമിയ മറിയത്തിന്റെ ഒൻപത് മാസം പ്രായമുള്ള മകൾ സിർവ്വ അമ്രിൻ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ മൊബൈലിൽ ബി.ടെക് ബിരുദ ദാരിയായ ഹാത്തിം കോട്ടയത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
അഹമ്മദ് അഷറഫ്, ഐഷ മറിയം എന്നിവർ സഹോദരങ്ങളാണ്.