36 വര്‍ഷത്തെ റെക്കോർഡ് തകർത്ത ജനുവരി മഴ : കോട്ടയം ജില്ലയിൽ ഏറ്റവും അധികം മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ ..

.

കാഞ്ഞിരപ്പളളി : 36 വര്‍ഷത്തെ റെക്കോർഡ് തകർത്തുകൊണ്ട്, അപ്രതീക്ഷിതമായി പെയ്ത കനത്ത ജനുവരി മഴ, കോട്ടയം ജില്ലയിൽ ഏറ്റവും അധികം ലഭിച്ചത് കാഞ്ഞിരപ്പള്ളി മേഖലയിൽ. സാധാരണ വെറും മൂന്നു മില്ലീമീറ്റര്‍ മഴയാണ്‌ ഇക്കാലയളവില്‍ പെയ്യേണ്ടിയിരുന്നത്‌. എന്നാൽ ഇത്തവണ ജനുവരിയിൽ കാഞ്ഞിരപ്പള്ളിയിൽ പെയ്തത് 49.2 മില്ലിമീറ്റർ മഴയാണ്.

മൂന്നു ദിവസമായി മേഖലയിൽ മഴ തകര്‍ത്തു പെയ്യുകയാണ്‌. ഉച്ചകഴിഞ്ഞ്‌ ആരംഭിച്ചു രാത്രി വൈകും വരെ പെയ്യുന്ന മഴയില്‍ തോടുകളിലും ആറുകളിലും ജലനിരപ്പ്‌ ഉയര്‍ന്നു. മഴയ്‌ക്കൊപ്പമെത്തുന്ന മിന്നലും ഭീതി വിതയ്‌ക്കുന്നു.

ഒരു വിഭാഗം കാര്‍ഷിക വിളകള്‍ക്കു പ്രയോജനകരമെങ്കിലും റബര്‍ കര്‍ഷകരെയും കുരുമുളക്‌, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നവരെയും അപ്രതീക്ഷിത മഴ പ്രതികൂലമായി ബാധിക്കുമെന്ന്‌ ആശങ്ക.

കഴിഞ്ഞ 36 വര്‍ഷത്തിനിടെ ജനുവരിയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്‌തതും ഇത്തവണയാണ്‌. കണക്കുകള്‍ പ്രകാരം 1985ലാണ്‌ ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്‌. അന്ന്‌ 102.8 മില്ലീ മീറ്റര്‍ മഴ ജനുവരിയില്‍ പെയ്‌തിരുന്നു.

അതുകഴിഞ്ഞാല്‍ ഏറ്റവും കൂടിയ അളവ്‌ 2017ലെ 32.8 ആയിരുന്നു. നിലവിലെ രീതിയില്‍ മഴ തുടര്‍ന്നാല്‍ ഇത്തവണ റെക്കോര്‍ഡുകള്‍ എല്ലാം ഭേദിക്കുമെന്നു നിരീക്ഷകര്‍ പറയുന്നു.

Kply news band
error: Content is protected !!