ആഘോഷങ്ങളില്ലാതെ ചന്ദനക്കുടം നാളെ; എരുമേലി പേട്ടതുള്ളൽ 11-ന്

എരുമേലി: കോവിഡ് തീർത്ത പ്രതിസന്ധിയിൽ ഉത്സവക്കാഴ്ചകളില്ലാതെ ചന്ദനക്കുടം ഉത്സവം ഞായറാഴ്ചയും അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ തിങ്കളാഴ്ചയും നടക്കും.

സ്വീകരണങ്ങളും ഘോഷയാത്രകളും ഒഴിവാക്കി ആചാരപരമായ ചടങ്ങുകളാണ് നടക്കുക. ചന്ദനക്കുടത്തിനും പേട്ടതുള്ളലിനും ഒരാനയെ അകമ്പടിയാക്കാം.

തിങ്കളാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ. 1000-ഓളം ഭക്തർ പേട്ടതുള്ളിയിരുന്നിടത്ത് ഇക്കുറി ഓരോ സംഘത്തിലും 50 പേർക്കുവീതം പങ്കെടുക്കാം. ഇതിനുപുറമേ അഞ്ച് വാദ്യമേളക്കാരുമാകാം. ഓരോ സംഘത്തിലും പേട്ടതുള്ളലിന് നേതൃത്വം നൽകുന്ന പെരിയസ്വാമിക്ക് പ്രായപരിധിയിൽ ഇളവുണ്ട്. മറ്റുള്ളവർ 60 വയസ്സിനുമേൽ പ്രായമുള്ളവരാകരുത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമാവണം പേട്ടതുള്ളാൻ. പേട്ടതുള്ളലിൽ പങ്കെടുക്കുന്ന ഭക്തർ പേരുവിവരങ്ങളും തിരിച്ചറിയൽ രേഖയും ദേവസ്വം ഓഫീസിൽ നൽകണം.

പേട്ട സംഘത്തിനുള്ള താമസസൗകര്യം ദേവസ്വം ബോർഡ് ഒരുക്കുമെന്ന് എരുമേലി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ആർ.രാജീവ് പറഞ്ഞു.

പേട്ടതുള്ളൽ കാണാൻ ആളുകൾ കൂട്ടംകൂടി നിൽക്കാനനുവദിക്കില്ല. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് യോഗം പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാർ നേതൃത്വം നൽകും.

ചന്ദനക്കുടം: ക്രമീകരണങ്ങൾ

ഞായറാഴ്ച വൈകീട്ട് ഏഴിന് എരുമേലി നൈനാർ മസ്‌ജിദ് അങ്കണത്തിൽനിന്ന്‌ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചന്ദനക്കുടം ആരംഭിക്കും. പേട്ട ധർമശാസ്താ ക്ഷേത്രത്തിലും(കൊച്ചമ്പലം), ശ്രീധർമശാസ്താ ക്ഷേത്രത്തിലും(വലിയമ്പലം) മാത്രമാണ് ആചാരപരമായ സ്വീകരണം. രാത്രി 10-ന് ജമാ അത്ത് അങ്കണത്തിൽ സമാപിക്കും. 30 ആളുകൾ ചന്ദനക്കുടം യാത്രയെ അനുഗമിക്കുമെന്ന് ജമാഅത്ത് സെക്രട്ടറി പി.എച്ച്.ഷാജഹാൻ പറഞ്ഞു.

Kply news band
error: Content is protected !!