കണക്കുകൂട്ടി മുന്നണികൾ

യുഡിഎഫുമായി സഹകരിക്കാൻ പി.സി. ജോർജ് തയാറാണ്. അക്കാര്യം പലവട്ടം ജോർജ് തുറന്നു പറഞ്ഞു. എന്നാൽ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക നേതൃത്വം  ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ എതിർക്കുന്നു. പ്രാദേശിക നേതൃത്വത്തെ അനുനയിപ്പിച്ചാൽ ജോർജിന്റെ ജനപക്ഷത്തെ മുന്നണിയിൽ എടുക്കാമെന്നാണ് യുഡിഎഫിന്റെ ആലോചന. പൂഞ്ഞാറിൽ എൽഡിഎഫ് നയം വ്യക്തമാക്കിയിട്ടില്ല. പൂഞ്ഞാറും ചങ്ങനാശേരിയും ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും (എം) ജനാധിപത്യ കേരള കോൺഗ്രസിനുമായി പങ്കു വയ്ക്കാനാണ് സിപിഎം പദ്ധതി.

കേരള കോൺഗ്രസ് (എം) പൂഞ്ഞാറിൽ മത്സരിച്ചാൽ  ജനാധിപത്യ കേരള കോൺഗ്രസ് ചങ്ങനാശേരിയിൽ മത്സരിക്കും. അല്ലെങ്കിൽ തിരിച്ചും. 2016ൽ എൻഡിഎയിൽ ബിഡിജെഎസാണ് മത്സരിച്ചത്. ഇത്തവണ ബിജെപി തീരുമാനം എടുത്തിട്ടില്ല. എന്നാൽ പി.സി. തോമസ് പൂഞ്ഞാറിൽ മത്സരിക്കുമെന്ന് അറിയിച്ചു. നേരത്തേ എൻഡിഎയിലായിരുന്ന പി.സി. തോമസ് ഇക്കുറി ഒറ്റയ്ക്കാണ് മത്സരിക്കുക. മുസ്‍ലിം ലീഗ് പൂഞ്ഞാർ ആവശ്യപ്പെടാൻ ഒരുങ്ങുന്നു. ഈ നീക്കം മുന്നിൽ കണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ ലീഗിന് നൽകാൻ കോൺഗ്രസ് വിസമ്മതിച്ചത്. എരുമേലി ഡിവിഷൻ പൂഞ്ഞാറിന്റെ ഭാഗമാണ്.

സ്ഥാനാർഥികൾ ഇവർ 

യുഡിഎഫിൽ ചേർന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പി.സി. ജോർജിന്റെ നീക്കം.  പുറമേ പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളും ചേർത്താണ് ജനപക്ഷം ചർച്ച നടത്തുന്നത്.  ഷോൺ  ജോർജിനെ പൂഞ്ഞാറിൽ നിർത്തി കാഞ്ഞിരപ്പള്ളിയിലേക്കോ പാലായിലേക്കോ മാറനും  ജോർജിന് ആലോചനയുണ്ട്. മാണി സി. കാപ്പൻ യുഡിഎഫിൽ വന്നില്ലെങ്കിൽ പി.സി. ജോർജിനെ പാലായിൽ മത്സരിപ്പിക്കാൻ യുഡിഎഫും പദ്ധതിയിടുന്നു.  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ പിഎസ്‌സി അംഗം പ്രഫ. ലോപ്പസ് മാത്യു, ജോർജ് കുട്ടി ആഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി എന്നിവരാണ് കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർഥി പട്ടികയിലുള്ളത്. പിഎസ്‌സി അംഗത്വം ഒഴിഞ്ഞ പ്രഫ. ലോപ്പസ് മാത്യുവിനെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി.

മണ്ഡലം ലഭിച്ചാൽ 2016 ൽ മത്സരിച്ച പി.സി. ജോസഫ് തന്നെയാകും ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥി. യുഡിഎഫിൽ കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ്, കെപിസിസി സെക്രട്ടറി പി.എ. സലീം എന്നിവരിൽ ആരെങ്കിലും മത്സരിക്കും. മുൻ മുവാറ്റുപുഴ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ  ജോസഫ് വാഴയ്ക്കനും പൂഞ്ഞാറിൽ മത്സരിക്കാൻ സാധ്യതയുണ്ട്എ ൻഡിഎയിൽ ബിഡിജെസിന് സീറ്റ് നൽകിയാൽ എം.ആർ. ഉല്ലാസ്, എം.കെ. സന്തോഷ് കുമാർ എന്നിവർക്ക് സാധ്യത. എം.ആർ. ഉല്ലാസ് 2016 ൽ മത്സരിച്ചു. ബിജെപി മത്സരിക്കാൻ തീരുമാനിച്ചാൽ ബി. രാധാകൃഷ്ണ മേനോൻ, കെ. നാരായണൻ നമ്പൂതിരി എന്നിവരിൽ ആരെങ്കിലും സ്ഥാനാർഥിയാകും.  

ഇരുപക്ഷത്തിനും വിജയ പ്രതീക്ഷ 

ഈരാറ്റുപേട്ട നഗരസഭയും 9 പഞ്ചായത്തുകളും ചേരുന്നതാണ് പൂഞ്ഞാർ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 17,929 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. 

error: Content is protected !!