മഴ പെയ്തതോടെ റോഡിൽ ചെളി നിറഞ്ഞു ; പൊൻകുന്നം-പുനലൂർ റോഡിന്റെ പ്ലാച്ചേരി റീച്ചിൽ അപകട സാധ്യതയേറെ
പൊൻകുന്നം: പൊൻകുന്നം-പുനലൂർ റോഡിന്റെ പ്ലാച്ചേരി റീച്ചിൽ നിർമാണം പുരോഗമിക്കുമ്പോൾ യാത്രക്കാർക്ക് അപകട സാധ്യതയേറെ. ഇപ്പോൾ മണ്ണെടുത്ത് നീക്കിയ പ്രദേശങ്ങളിലെല്ലാം മഴയിൽ ചെളിപുതഞ്ഞനിലയിലാണ്. ഇതുവഴി രാത്രിയാത്ര ഏറെ അപകടകരമാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് അപകടത്തിൽപെടുന്നത്.
ഉപറോഡുകൾ ഏറെയുണ്ടെങ്കിലും നിർമാണം നടക്കുന്ന റോഡിൽക്കൂടിയാണ് കൂടുതൽ വാഹനങ്ങളും സഞ്ചരിക്കുന്നത്. ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ ഇടം കുറവാണ്. ഒരുവശത്ത് പാറ പൊട്ടിച്ചുനീക്കുന്ന പ്രവർത്തനങ്ങളും മറുവശത്ത് താഴ്ചയുള്ള ഭാഗം മണ്ണ് നിറച്ച് ഉയരംകൂട്ടി കൽക്കെട്ട് നിർമിക്കുന്ന പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ടിപ്പറുകൾ മണ്ണുമായി ഓട്ടംകൂടിയായതോടെ റോഡ് പൂർണമായും ചെളിനിറഞ്ഞുകിടക്കുകയാണ്. പരമാവധി യാത്രകൾക്ക് ഇടഭാഗങ്ങളിലൂടെയുള്ള ചെറുറോഡുകൾ ഉപയോഗിക്കുന്നതിന് യാത്രക്കാർ തയ്യാറാകണം. തെക്കേത്തുകവല മുതൽ പൊൻകുന്നം വരെയുള്ള ഭാഗം ചെളിക്കുളമായി. എസ്.ആർ.വി. ജങ്ഷൻ, ചിറക്കടവ് അമ്പലം ഭാഗം എന്നിവിടങ്ങളിലെല്ലാം അപകടസാധ്യതയുണ്ട്.