സഞ്ചാരയോഗ്യമല്ലാത്ത ചേനപ്പാടി റോഡിൽ കുഴികൾ നികത്തി നാട്ടുകാർ.

എരുമേലി : തകർന്ന് തരിപ്പണമായ എരുമേലി – ചേനപ്പാടി – പഴയിടം റോഡ് നന്നാക്കുവാൻ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാർ സമരത്തിന് പകരം ചെയ്തത് കുഴിയടയ്ക്കൽ. റോഡ് നന്നാക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് അധികൃതർ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുഴിയടയ്ക്കൽ നടത്തിയത് . ഞായറാഴ്ച രാവിലെ ചേനപ്പാടി ടൗണിൽ യങ്മെൻസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുഴിയടയ്ക്കൽ ജോലികളിൽ രാഷ്ട്രീയ ഭേദമന്യേ നിരവധി നാട്ടുകാർ പങ്കെടുത്തു.

പാറക്കഷങ്ങൾ അടങ്ങിയ മക്ക് റോഡിൽ ഇറക്കിയാണ് കുഴികൾ നികത്തിയത്. കഴിഞ്ഞ പ്രളയശേഷം തകർന്ന ഈ റോഡിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല. ഇതിനിടെ ജല വിതരണ പദ്ധതിയുടെ കുഴലുകൾ ഇടാൻ വശങ്ങളിൽ കുഴിച്ച് മണ്ണിട്ട് റോഡ് പൊളിച്ചത് മൂലം റോഡിൽ തകർച്ച വ്യാപകമായി മാറിയിരുന്നു. ജൂൺ മാസത്തിൽ പണികൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണെങ്കിലും നടപടികളായിട്ടില്ല. പൊതു മരാമത്ത് മന്ത്രിക്ക് വാർഡ് അംഗം നൽകിയ നിവേദനത്തിൽ ഉടനെ നടപടികൾ സ്വീകരിക്കാമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചതുമാണ്. നാട്ടുകാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കണ്ട് നിവേദനം നൽകിയപ്പോഴും പണികൾ നടത്തുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് മന്ത്രി, എംഎൽഎ, മരാമത്ത് ഉദ്യോഗസ്ഥർ എന്നിവർക്ക് വീണ്ടും നിവേദനം നൽകുമെന്ന് ഇന്നലെ കുഴിയടയ്ക്കലിന് നേതൃത്വം നൽകിയ ക്ലബ്ബ്‌ ഭാരവാഹികൾ പറഞ്ഞു. കുഴിയടയ്ക്കൽ ജോലികൾ പൊതു പ്രവർത്തകൻ ടി പി രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

error: Content is protected !!