മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് സിസ്റ്റർ ജിജി പുല്ലത്തിലിന്. കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം

കാഞ്ഞിരപ്പള്ളി: സെക്കന്ററി വിഭാഗത്തിൽ, ഏറ്റവും മികച്ച അദ്ധ്യാപികക്ക് ഉള്ള സംസ്ഥാന സർക്കാർ അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്‌ ഹൈസ്‌കൂൾ മുൻ ജീവശാസ്ത്ര അധ്യാപിക സിസ്റ്റർ ജിജി പുല്ലത്തിലിന് ലഭിച്ചു. ഈ മാസം 16 ന്, തിരുവനതപുരത്തു വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡ് വിതരണം ചെയ്‌യും.

കഴിഞ്ഞ മാർച്ചിലാണ് സിസ്റ്റർ സെന്റ് മേരീസ് ഹൈസ്‌കൂളിൽ നിന്നും അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ചത്. കോട്ടയം അടിച്ചിറ പുല്ലത്തിൽ പി.വി. ചാക്കോയുടെയും മേരി ചാക്കോയുടെയും മകളായ സിസ്റ്റർ ജിജി പി ജെയിംസ് അപ്പസ്തോലിക് ഒബ്ലേറ്റ്സ് സഭാംഗമാണ്.

മികച്ച ശാസ്ത്ര നാടകകൃത്തുകൂടിയായ സിസ്റ്റർ ജിജിയുടെ ഏഴ് ശാസ്ത്രനാടകങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

മിഴി തുറക്കാൻ,സുകൃത സരണിയിലെ മൺചിരാതുകൾ, വിശുദ്ധമീ സൗഹൃദം എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലികപ്രസക്തമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള സിസ്റ്റർ ജിജി,
മോട്ടിവേഷൻ സ്പീക്കർ,
പിടിഎ റിസോഴ്സ് പേഴ്സൺ എന്ന നിലകളിലും പ്രവർത്തിക്കുന്നു.
വിവിധ ഭാഗങ്ങളിൽ പെട്ടവർക്ക് ബോധവൽക്കരണ സെമിനാറുകൾ എടുത്തിട്ടുള്ള സിസ്റ്റർ ജിജി പി. ജയിംസിന്റെ 25 വർഷങ്ങൾ നീണ്ട അധ്യാപന സപര്യയുടെ വിജയത്തിളക്കമാണ്  ഈ  സംസ്ഥാന അവാർഡ്.

ജില്ലയിൽനിന്ന് 2021-22-ലെ ദേശീയ അധ്യാപിക പുരസ്കാര ത്തിന് സിസ്റ്റർ ജിജിയുടെ പേര് നിർദേശിക്കപ്പെട്ടിരുന്നു.
അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ കേരളഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം കഴിഞ്ഞ വർഷം സിസ്റ്റർ ജിജിക്ക് ലഭിച്ചിരുന്നു. സുഗതകുമാരി പുരസ്കാരം, വൃക്ഷബന്ധു പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സെന്റ് മേരീസ്‌ സ്കൂളിൽ ജീവശാസ്ത്ര അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് സിസ്റ്റർ ജിജി നേതൃത്വം നൽകിയിരുന്ന ജീവൻ ബയോഡൈ സിസ്റ്റവേഴ്സിറ്റി ക്ലബ്ബിന്റെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി  സിസ്റ്ററിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ടിന്
ജൈവവൈവിധ്യ കോൺഗ്രസിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

ബാലശാസ്ത്ര കോൺഗ്രസ്, ശാസ്ത്രരംഗം തുടങ്ങിയ മേഖലകളിൽ പ്രോജക്ട് ഗൈഡ് ആയി പ്രവർത്തിച്ച് സംസ്ഥാന മത്സരങ്ങളിൽ സിസ്റ്ററിന്റെ നേതൃത്വത്തിൽ സെന്റ് മേരിസിലെ കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കിട്ടുണ്ട്.

error: Content is protected !!