ഓടിയാലും നഷ്ടം, ഓടിയില്ലെങ്കിലും നഷ്ടം..ടൂറിസ്റ്റ് വാഹന ഉടമകളും, ജീവനക്കാരും കടുത്ത പ്രതിസന്ധിയിൽ..
വിനോദസഞ്ചാര വാഹനങ്ങൾ ഷെഡ്ഡിലായതോടെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനുപേരുടെ അന്നമാണ് മുടങ്ങിയത്. മാസങ്ങളായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വാഹനങ്ങൾ വിൽക്കാനൊരുങ്ങുകയാണ് മിക്കവരും.
മാസങ്ങൾക്കുശേഷം പുറത്തെടുത്ത ആഡംബര ബസുകളും ചെറുവാഹനങ്ങളും ഒന്ന് അനക്കണമെങ്കിൽ പതിനായിരങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തണം. ജോലി ഇല്ലാതായതോടെ കുടുംബം പോറ്റാനായി മറ്റുവഴികൾ തേടുകയാണ് പലരും.
വർഷങ്ങളായി ടൂറിസ്റ്റ് വാഹനങ്ങളിൽ ജോലിചെയ്തിരുന്ന നിരവധി പേരുണ്ട്. ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ 90 ശതമാനം വാഹനങ്ങളും ഷെഡ്ഡിലാണ്. നികുതി ഒഴിവാക്കാനായി ജി.ഫോമിലാണ് ഭൂരിഭാഗം വാഹനങ്ങൾ. ഓട്ടം കിട്ടിയാൽപോലും ഒന്ന് പുറത്തിറക്കാൻ പറ്റില്ല. ജോലി ഇല്ലാതായതോടെ പെയിന്റിങ്, മീൻ, പച്ചക്കറി തുടങ്ങിയ വഴിയോരക്കച്ചവടങ്ങൾ നടത്തുകയാണ് പലരും. സ്ഥിതി ഇങ്ങനെ തുടർന്നാൽ എന്തു ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ.
40മുതൽ 60 ലക്ഷം രൂപവരെ മുടക്കി വാങ്ങിയ ബസുകളടക്കമുള്ള വാഹനങ്ങൾ വിൽക്കാനുള്ള നെട്ടോട്ടത്തിലാണ് ഉടമകൾ. ഷെഡ്ഡിൽകിടന്ന് വാഹനങ്ങൾ നശിക്കുമെന്നതിനാൽ ലാഭംപോലും നോക്കാതെ വിറ്റ് ഒഴിവാക്കാനാണ് മിക്കവരുടെയും ശ്രമം. എന്നാൽ, മോഡൽ വിലയേക്കാൾ കുറഞ്ഞ വില പറഞ്ഞിട്ടുപോലും വാങ്ങാനാളില്ല. ഉപജീവനത്തിനായി ടാക്‌സി കാറുകൾ, ട്രാവലർ തുടങ്ങിയ ചെറുവാഹനങ്ങൾ സ്വന്തമായി ഓടിച്ചിരുന്നവരും നിരവധിയാണ്. ഇവർ വാഹനങ്ങൾ വീട്ടിലിട്ട് മറ്റ് തൊഴിലുകൾ തേടുകയാണ് ഇപ്പോൾ.
എട്ടുമാസത്തോളമായി ജി.ഫോമിൽ കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളുണ്ട്. ടയറുകളടക്കം അനക്കാതെ കിടന്ന് നശിക്കുകയാണ്. എയർ ബസിന്റെ ടയർ ഒന്നിന് 16,000-ത്തോളം രൂപ വേണം. കൂടാതെ, മറ്റ് യന്ത്രഭാഗങ്ങളും പ്രവർത്തനമില്ലാതെ പൂർണമായി നശിക്കുകയാണ്. റോഡിൽ ഇറക്കണമെങ്കിൽ നികുതിയും ഇൻഷുറൻസും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി നല്ലൊരു തുക വേണം. ഒരു വർഷത്തേക്ക് 75,000 രൂപയോളമാണ് ആഡംബര ബസുകളുടെ നികുതി. ട്രാവലർ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് മൂന്നുമാസം കൂടുമ്പോൾ ഒൻപതിനായിരത്തോളം രൂപ നികുതി അടയ്ക്കണം. കൂടാതെ, വായ്പ തിരിച്ചടവ് മുടങ്ങി പലിശ ഏറിയതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഉടമകൾ.