കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

കാഞ്ഞിരപ്പള്ളി: ചരിത്രപ്രസിദ്ധമായ മരിയൻ തീർത്ഥാടനകേന്ദ്രമായ അക്കരപ്പള്ളിയെന്ന പഴയ പള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. പഴയ പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 10-ന് ആരംഭിച്ച തിരുകർമത്തിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി . മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു . അക്കരപ്പള്ളിയുടെ വികാരി ഫാ. വർഗീസ് പരിന്തിരിക്കലിനെ പ്രഥമ ആർച്ച് പ്രീസ്റ്റായി നിയമിച്ചുള്ള പ്രഖ്യാപനവും നടത്തി. .

ചരിത്രം

കൊല്ലവർഷം 697-ാം ആണ്ടിൽ കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർ പുഴയുടെ തീരത്താണ്‌ പഴയ പള്ളി പണിയുന്നത്. 1449 സെപ്റ്റംബർ എട്ടിന് ആദ്യമായി പള്ളിയിൽ ദിവ്യബലി അർപ്പിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ ആഹ്ളാദപൂർവം ആഘോഷിച്ചു. 1319-ൽ നിലയ്ക്കൽ നഗരം അഗ്നിക്കിരയാക്കിയപ്പോൾ ദേവാലയപരിസരത്തുനിന്ന് പലായനം ചെയ്‌തെത്തിയവരുടെ ഏറെ നാളത്തെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ പള്ളിയുയർന്നതെന്നാണ് വിശ്വാസം. 1987-ൽ മാർ മാത്യു വട്ടക്കുഴി അക്കരപ്പള്ളിയെ രൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായി ഉയർത്തി.

മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രം

സീറോ മലബാർ സഭയിൽ തീർത്ഥാടന ദേവാലയങ്ങൾക്ക് നൽകുന്ന ഏറ്റവും ഉന്നത പദവിയാണ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ. അക്കരപ്പള്ളിയുടെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസിസമൂഹത്തിന്റെ അഭ്യർഥനയും കണക്കിലെടുത്താണ്‌ പ്രത്യേക പദവി നൽകിയത്. എല്ലാ വർഷവും മേജർ ആർച്ച് ബിഷപ്പ് പള്ളിയിൽ സന്ദർശനം നടത്തും.

error: Content is protected !!