മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കപ്പെടണം: പ്രധാനമന്ത്രി ക്ക് സമർപ്പിക്കുന്ന ഭീമഹർജിയിൽ മാർ ജോസ് പുളിക്കൽ ഒപ്പുവച്ച് ഉദ്‌ഘാടനം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി: കലാപത്തീയിൽ വെന്തുരുകുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്ക് അറുതി വരുത്തുക, വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സമർപ്പിക്കുന്ന അഞ്ച് ലക്ഷം പേർ ഒപ്പുവയ്ക്കുന്ന ഭീമഹർജിയിൽ ഒപ്പു രേഖപ്പെടുത്തി കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
മണിപ്പൂർ ജനതയുടെ വിലാപത്തിൽ ഭാരതത്തിന്റെ ആത്മാവ് കേഴുകയാണ്. രണ്ടു മാസത്തിലധികമായി തുടരുന്ന കലാപത്തിന് ഇനിയും പരിഹാരം കണ്ടെത്താനാവാത്തത് ആശങ്കാജനകമാണ്. നിഷ്കരുണം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് പിന്തുണ നൽകുന്ന കത്തോലിക്ക കോൺഗ്രസിന്റെ നിലപാടുകൾ സാമൂഹ്യ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി, ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളായ ടെസി ബിജു പാഴിയാങ്കൽ, ഡെന്നി കൈപ്പനാനി, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കും ചേരിക്കുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെജി കൊച്ചു കരിപ്പാപ്പറമ്പിൽ, ദേവസ്യ മാത്യു പനയ്ക്കക്കുഴി, സച്ചിൻ വെട്ടിയാങ്കൽ, സബിൻ ജോൺ, ജിജി പുത്തേട്ട്, ജോസ് മടുക്കക്കുഴി, ജെയിംസ് കുട്ടി ആശാരിപറമ്പിൽ, ജിജി പുതിയിടം എന്നിവർ പ്രസംഗിച്ചു.