കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ ആരംഭിച്ചു
കാഞ്ഞിരപ്പള്ളി : പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 2023 ആഗസ്റ്റ് 31-ാം തീയതി വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 8-ാം തീയതി വെള്ളിയാഴ്ച വരെ ആഘോഷിക്കുകയാണ്. തിരുനാളിന് ഒരുക്കമായുള്ള പന്തൽ കാൽനാട്ടുകർമ്മം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രൽ ആർച്ച് പ്രീസ്റ്റും വികാരിയുമായ റവ. ഫാ. വർഗീസ് പരിന്തിരിക്കൽ നിർവഹിച്ചു.
പ്രാർത്ഥനകളാലും, യാചനകളാലും, മുകരിതമായ അക്കരയമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ഈ തീർത്ഥാടന ദേവാലയത്തിൽ എത്തുന്ന ജാതി മത ഭേദമന്യേ അനേകായിരങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കും യാചനകൾക്കും പരിശുദ്ധ കന്യകാമറിയത്തിലൂടെ ആത്മീയശീന്തിയും അനു ഗ്രഹങ്ങളും ലഭിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തെകുറിച്ചുള്ള സ്വർഗ്ഗീയ വെളിപ്പെടുത്തലുകളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മരിയൻ പ്രത്യക്ഷീകരണങ്ങളും കോർത്തിണക്കി പരിശുദ്ധ ദൈവമാതാവിനെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഒരു മരിയൻ ഇന്റർനാഷണൽ എക്സിബിഷനും തിരുനാൾ ദിവസങ്ങളിൽ പള്ളിയങ്കണത്തിൽ ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ നടത്തിപ്പിനുവേണ്ടി റവ.ഫാ വർഗീസ് പരിന്തിരിക്കൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കര, കൈകാരന്മാരായ കെ.സി ഡൊമിനിക് കരിപ്പാപറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം, കുരുവിള പിണമുറകിൽ, ചാക്കോ വാവലുമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.