എരുമേലിയിൽ റോഡിൽ കാട്ടാനകൾക്ക് മുന്നിൽ കാർ യാത്രികരും ബൈക്കിൽ വന്നയാളും കുടുങ്ങിയത് അര മണിക്കൂർ.

എരുമേലി. രാത്രിയിൽ റോഡിൽ കാട്ടാനകൾക്ക് മുന്നിൽ പെട്ടതിന്റെ ഭീതി മാറാതെ കണ്ണിമല പുരയിടത്തിൽ ജോഷിയും കുടുംബവും ബൈക്ക് യാത്രികനും. കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് സംഭവം. കാറിൽ വന്ന ജോഷിക്കും കുടുംബത്തിനും മുന്നിൽ റോഡിലുണ്ടായിരുന്നത് കുട്ടിയാന ഉൾപ്പടെ അഞ്ച് ആനകൾ. എതിർ വശത്ത് ഒരു ബൈക്ക് യാത്രികനും. ഇവർക്കിടയിൽ റോഡിലൂടെ ആനകൾ നടന്ന് സമീപത്തെ റബർ തോട്ടത്തിലേക്ക് കയറി അര മണിക്കൂർ വരെ അവിടെ നിന്നതിനു ശേഷം പോകുന്നത് വരെ ഭയത്താൽ അനങ്ങുവാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു അവർ. ഇതേ സ്ഥിതിയിലായിരുന്നു എതിരെ വന്ന ബൈക്ക് യാത്രികനും. ജോഷിക്കൊപ്പം ഭാര്യ മഞ്ജുവും കുട്ടികളും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. മഞ്ജുവിന്റെ കരിനിലത്തെ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു ഇവർ.

കണ്ണിമല സെന്റ് ജോസഫ് ദേവാലയത്തിന് പിൻവശത്തായാണ് ഇവരുടെ വീട്. മുണ്ടക്കയം എരുമേലി റോഡിൽ നിന്നും തിരിഞ്ഞ് പള്ളി റോഡിലൂടെ പോകുമ്പോഴാണ് കാട്ടാനകൾ മുന്നിൽ പെട്ടത്. കുട്ടിയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഈ സമയം എതിരെ ഇരുചക്ര വാഹന യാത്രക്കാരനും എത്തി. രണ്ടു വാഹനങ്ങൾക്കും ഇടയിലൂടെയാണ് ആനകൾ റോഡ് മുറിച്ചു റബ്ബർ തോട്ടത്തിലേക്ക് കയറിയത്. അര മണിക്കൂറോളം റബ്ബർ തോട്ടത്തിൽ നിന്ന ശേഷമാണ് ആനകൾ പിന്മാറിയത്.

ഈ പ്രദേശത്ത് ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. വനത്തിന് സമീപത്തുള്ള റോഡുകളിൽ ആനകൾ ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടുള്ളതല്ലാതെ നേരിൽ ഇങ്ങനെ അനുഭവം ഉണ്ടായത് ആദ്യമാണെന്ന് ഇവർ പറഞ്ഞു. ആനകൾ ആക്രമണം നടത്തുമോയെന്ന് ഭയന്ന് വിഷമിച്ച് കഴിഞ്ഞു കൂടിയ ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറയുന്നു ഇവർ. ഇത്തരം ഭീതിദമായ സംഭവം ഇനി ആർക്കും ഈ പ്രദേശത്ത് ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മേഖലയിൽ വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിങ് തകർക്കപ്പെട്ടതാണ് റോഡിലേക്ക് ആനകൾ എത്താൻ അവസരമൊരുക്കിയിരിക്കുന്നത്. ഈ ഭാഗത്തുകൂടിയാണ് ആനകൾ നാട്ടിലെത്തുന്നത്. എല്ലാ ദിവസവും ആനകൾ എത്തുന്നുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതിയും നാട്ടുകാരും പടക്കം പൊട്ടിച്ചും ശബ്‌ദം ഉണ്ടാക്കിയുമാണ് മിക്കപ്പോഴും ആനകളെ കാടുകയറ്റുന്നത്. പാക്കാനം ഭാഗത്തെ ഫെൻസിങ്ങിന് ടെണ്ടർ നടപടികളായതായി എറമേലി റേഞ്ച് ഓഫീസർ ഈ ബി ജയൻ പറഞ്ഞു.

error: Content is protected !!