കര്‍ഷക മക്കള്‍ക്ക് ആദരം നല്‍കി കര്‍ഷക ദിനാചരണവുമായി ഇന്‍ഫാം

പാറത്തോട്: കാര്‍ഷികമേഖലയിലെ ഇടിവുകള്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും തകര്‍ച്ചയ്ക്കു കാരണമാകുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

സിന്തറ്റിക് റബര്‍ ഉത്പ്പാദനത്തെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലാഭത്തിന്റെ ഒരു വിഹിതം സ്വാഭാവിക റബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കൊടുക്കേണ്ടത് സാമാന്യ നീതിക്ക് നിരക്കുന്നതാണ്. അതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം നേടിയ കര്‍ഷകരുടെ കുട്ടികള്‍ കാലഭേദമെന്യേ വിലമതിക്കപ്പെടുന്ന രത്നങ്ങളാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാനും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അവാര്‍ഡു ജേതാക്കളില്‍ അവരുടെ ഉപരിപഠനത്തിന് കൃഷി അടിസ്ഥാനമാക്കിയുള്ള ബി.ടെക് അഗ്രികള്‍ച്ചര്‍, ബി.എസ്‌സി അഗ്രികള്‍ച്ചര്‍, ബി.ടെക് ഡയറി ടെക്‌നോളജി, ബി.ടെക് ബയോ ടെക്‌നോളജി, ബി.വി.എസ്.സി എന്നീ കോഴ്‌സുകളിലേതെങ്കിലും പഠനവിഷയമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പു നല്‍കാന്‍ തീരുമാനിച്ചതായും ഈ പ്രവൃത്തികളിലൂടെയെല്ലാം ഇന്‍ഫാം വിഭാവനം ചെയ്യുന്നത് ഈ സംഘടനയിലെ കര്‍ഷകരെയും അവരുടെ കുഞ്ഞുങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കാനുള്ള തീരുമാനമാണെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് മെംബര്‍ തോമസ് കൊട്ടാടിക്കുന്നേല്‍  നന്ദിയും പറഞ്ഞു.
സ്വര്‍ണ നാണയങ്ങളും ഫലകങ്ങളും ഓണസമ്മാനങ്ങളും നല്‍കിയാണ് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഇന്‍ഫാം ആദരിച്ചത്.

error: Content is protected !!