പാറത്തോട് പഞ്ചായത്ത് തിരെഞ്ഞെടുപ്പ് : പ്രസിഡന്റ് സ്ഥാനാർഥി ജലാൽ പൂതക്കുഴിയുടെ നാമനിർദേശ പത്രിക തള്ളിയതിന് പിന്നിൽ അധികാര ദുർവിനിയോഗം ആണെന്ന് യു. ഡി. എഫ്.
കാഞ്ഞിരപ്പള്ളി : ഒക്ടോബർ മാസം എട്ടാം തീയതി നടക്കുന്ന പാറത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. യുഡിഎഫ് മുന്നണിയിലെ സ്ഥാനാർത്ഥിയായിരുന്ന ജലാൽ പൂതക്കുഴിയുടെ നാമനിർദേശ പത്രിക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് അവശേഷിക്കുന്ന 10 സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ജലാൽ പൂരക്കുഴിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധിയുണ്ടായതിനു ശേഷം ആവശ്യമെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും സത്യം തെളിയിക്കുന്നത് വരെയും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് ബാങ്കിന്റെ പണം മുടക്കി ജലാൽ പൂതക്കുഴിയുടെ പത്രിക തള്ളാൻ, അപ്പീൽ സമർപ്പിക്കാൻ ഇപ്പോൾ ഇടത് സ്ഥാനാർത്ഥികൾ ആയിട്ടുള്ള മൂന്ന് അംഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട് എന്ന് സഹകാരികളോട് തുറന്നുപറയാൻ അവർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോടതിയുടെ അന്തിമ ഉത്തരവ് ലഭ്യമായതിനു ശേഷം കേസിൽ ബാങ്ക് നൽകിയിട്ടുള്ള ഫയലുകൾ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും യാഥാർത്ഥ്യം ജനങ്ങൾക്ക് ബോധ്യമാകുന്നത് വരെയും സത്യം തെളിയിക്കപ്പെടുന്നതിനുവേണ്ടി മേൽ കോടതികളെ സമീപിച്ചുകൊണ്ടിരിക്കുമെന്നും നേതാക്കൾ അറിയിച്ചു സഹകരണ മേഖലയിൽ നടന്നുവരുന്ന അഴിമതിയും സ്വജനപക്ഷപാതവും മനസ്സിലാക്കി ] ബാങ്കിനെയും സഹകരണ മേഖലയെയും സംരക്ഷിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സഹകാരികളോട് അഭ്യർത്ഥിച്ചു.