ലോറി മറിഞ്ഞ് ജലസ്രോതസിൽ രാസമാലിന്യം: പരിശോധനയിൽ അമോണിയയുടെ അംശം; 20 കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിർത്തി

പൊൻകുന്നം : എലിക്കുളം മഞ്ചക്കുഴി ചപ്പാത്ത് ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞ് രാസവസ്‌തുക്കൾ കലർന്ന റബർപാൽ മിശ്രിതം തോട്ടിലൊഴുകിയ സംഭവത്തിൽ ജല പരിശോധനയിൽ അമോണിയയുടെ അംശം കണ്ടെത്തി. എലിക്കുളം പഞ്ചായത്തിലെ കരിമലക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടാണ്‌ ലഭിച്ചത്‌.

ഇതെത്തുടർന്ന്‌ പമ്പിങ് പുനരാരംഭിക്കരുതെന്ന്‌ ആരോഗ്യവകുപ്പ് നിർദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി പറഞ്ഞു. വെള്ളം പൂർണമായി വറ്റിച്ച ശേഷം ക്ലോറിനേഷൻ നടത്തി ശുചീകരിക്കും. ഇതിനു ശേഷം വീണ്ടും പരിശോധന നടത്തി അമോണിയയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജലവിതരണം പുനരാരംഭിക്കൂ. 
 ഉരുളികുന്നം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനവും നിർത്തിയിരിക്കുകയാണ്. ഇതിന്റെ പരിശോധനഫലം ലഭിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ കോട്ടയത്തെ ലാബിലാണ്‌ പരിശോധന.

ഇന്നും നാളെയും ജലപരിശോധന; സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുമെത്തും

ശനി, ഞായർ ദിവസങ്ങളിൽ എലിക്കുളം മേഖലയിൽ ജല പരിശോധന നടത്തും. റബർപാൽ മിശ്രിതം കലർന്ന ജലാശയത്തിന് സമീപമുള്ള കിണറുകളിലെയും കുടിവെള്ള പദ്ധതികളിലെയും വെള്ളം പരിശോധിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടർ വി വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. രാസവസ്‌തുക്കൾ കലർന്ന ജലാശയത്തിന്റെ ഇരുകരകളിലും പത്തുമീറ്റർ ചുറ്റളവിലുള്ള കിണറുകളിലെ ജലവും, വെള്ളം ഒഴുകിയെത്താനിടയുള്ള കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസുകളിലെ ജലവും പരിശോധിക്കും. ജല അതോറ്റിയ്‌ക്കാണ്‌ പരിശോധനാ ചുമതല.

കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകൾ പൊതുജനങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. പാലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, കോട്ടയം വടവാതൂർ ക്വാളിറ്റി കൺട്രോൾ വിഭാഗം ഓഫീസുകളിലാണ് വെള്ളം പരിശോധിക്കുന്നത്‌. ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് ജലത്തിന്റെ സാമ്പിൾ നേരിട്ടും പരിശോധന എത്തിക്കാം. എലിക്കുളം പഞ്ചായത്ത് ഓഫീസിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റ് ശനി, ഞായർ, ദിവസങ്ങളിൽ കുടിവെള്ള പരിശോധന നടത്തും. ജലപരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കാൻ കലക്ടർ നിർദ്ദേശിച്ചു.

error: Content is protected !!