കണമല അപകട കാരണം ഡ്രൈവറുടെ മണ്ടത്തരം…

കണമല : ബുധനാഴ്ച രാവിലെ കണമല ഇറക്കത്തിൽ ബസ് മറിഞ്ഞ അപകടത്തിന്റെ കാരണം ഡ്രൈവർ മണ്ടത്തരം മൂലം. അട്ടിവളവിലെ കുത്തിറക്കത്തിൽ നിറയെ യാത്രക്കാരുമായി ബസ് ഗിയർ ഒഴിവാക്കി ന്യൂട്രലിൽ ആയിരുന്നു ഡ്രൈവർ ഓടിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി .

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ . ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് പരിശോധന നടത്തിയ കാഞ്ഞിരപ്പള്ളി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ പറഞ്ഞു. ഗിയർ ബോക്സ് പരിശോധിച്ചിരുന്നു. ഇറക്കത്തിൽ ബസ് സഞ്ചരിച്ചത് ഗിയർ ഉപയോഗിക്കാതെ ആയിരുന്നു എന്ന് മനസിലായി. ന്യൂട്രലിൽ ആണ് ബസ് സഞ്ചരിച്ചത്. ഇറക്കത്തിൽ ഗിയർ ഉപയോഗിച്ചില്ലെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ സമ്മതിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അതീവ അപകടകരമായ ഈ ഇറക്കത്തിൽ ഗിയർ ഉപയോഗിക്കാതെ ന്യൂട്രലിൽ സഞ്ചരിച്ചതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ പറഞ്ഞു. മനുഷ്യ ജീവനുകൾക്ക്‌ യാതൊരു വിലയും കൽപ്പിക്കാതെ വാഹനം ഓടിക്കുകയാണ് ഡ്രൈവർ ചെയ്തത് എന്നത് തന്നെ ഏറെ അമ്പരപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ബസ്സിന്റെ ബ്രേക്ക് തകരാർ ആണ് അപകടം സൃഷ്ടിച്ചതെന്ന് ബസിന്റെ ഡ്രൈവർ ആദ്യം പറഞ്ഞെങ്കിലും , പിന്നീട് സത്യം തുറന്നുപറയുകയായിരുന്നു.

കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ്സാണ് നിയന്ത്രണം തെറ്റി തിട്ടയിൽ ഇടിച്ച് മറിഞ്ഞത് . നിരവധി പേർക്ക് പരിക്ക് ഉണ്ട്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആണ് സംഭവം. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആണ് രക്ഷപ്രവർത്തനം ആരംഭിച്ചത്. പോലിസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.

മറിഞ്ഞ ബസിൽ നിന്നും അയ്യപ്പ ഭക്തരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസി ആശുപത്രി, എരുമേലി സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

error: Content is protected !!