ആവശ്യത്തിൽ ഉപകരിക്കാത്ത സമാന്തര പാത കൊണ്ട് എന്ത് പ്രയോജനം ?

എരുമേലി. കണമലയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് മുക്കൂട്ടുതറ -എരുത്വാപ്പുഴ -കണമല റോഡിൽ ഗതാഗത തടസമുണ്ടായത് നാലുമണിക്കൂർ. പുലർച്ചെ ആറു മണിക്കണ് തീർത്ഥാടക ബസ് ആട്ടിവളവിന് സമീപം റോഡിനു കുറുകെ മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടത്. പത്തു മണിയോടെ മാത്രമേ ബസ് ഒരു വശത്തേക്ക് മാറ്റി വാഹനങ്ങൾ കടത്തിവിടാനായുള്ളു. തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെ മുക്കൂട്ടുതറയിൽ നിന്നും ഇടകടത്തി വഴി തിരിച്ചുവിടുകയായിരുന്നു. ഇത് സ്കൂൾ വാഹനങ്ങൾക്കും സ്വകാര്യ ബസുകൾക്കുമെല്ലാം ദുരിതമായി.

ഈ റോഡിലെ അപകട സാധ്യതയും പകരം സംവിധാനം എന്ന നിലയിലുമാണ് എരുത്വാപ്പുഴ -കീരിത്തോട് – കണമല സാമാന്തര പാത നിർമിച്ചത്. നിലവിലുണ്ടായിരുന്ന റോഡ് ആറു കോടി രൂപ ചിലവഴിച്ചാണ് വികസിപ്പിച്ചത്. എന്നാൽ നിർമ്മാണത്തിലെ അപാകത മൂലം വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. മൂന്നു വർഷം മുൻപുണ്ടായ മഴയെ തുടർന്ന് കൂറ്റൻ കൽക്കെട്ട് ഉൾപ്പെടെ റോഡ് ഒലിച്ചുപോയി. അറ്റകുറ്റപ്പണി പഞ്ചായത്താണ് നടത്തേണ്ടത് എന്ന് മരാമത്ത് വിഭാഗവും അത്രയും വലിയ അറ്റകുറ്റപ്പണി തങ്ങളെ കൊണ്ടു തന്നെ പറ്റില്ലെന്നു പഞ്ചായത്തും നിലപാടെടുത്തതോടെ ടു വീലർ യാത്ര പോലും പറ്റാതെ നാട്ടുകാർ ഗതികേടിലായി. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

error: Content is protected !!