മദ്യപിച്ച ഡ്രൈവർ മൂലം പൊലിഞ്ഞത് മൂന്ന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ
പൊൻകുന്നം ∙ പാലാ– പൊൻകുന്നം റോഡിൽ 3 പേരുടെ മരണത്തിനിടയായ വാഹനാപകടത്തിനു കാരണം ജീപ്പ് ഡ്രൈവറുടെ മദ്യപിച്ചുള്ള ഡ്രൈവിങ് എന്നു പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും കണ്ടെത്തൽ. ജീപ്പ് ഓടിച്ച കൂരാലി ചെരിപുറം പാട്രിക് ജോസിനെ (38) അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10.15ന് ഇളങ്ങുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിനു സമീപമാണു ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ പള്ളിക്കത്തോട് അരുവിക്കുഴി മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് ചെല്ലപ്പൻ(25), കയ്യൂരി കമ്പിപ്പറമ്പിൽ അഭിജിത് (വിജയ്–26), പാമ്പാടി പാറാമറ്റം കളപ്പുരയ്ക്കൽ വിഷ്ണു വിജയൻ (24) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത് (23), അരീപ്പറമ്പ് കുളത്തൂർ അഭി (18) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യപിച്ചു ദിശ തെറ്റി ജീപ്പ് ഓടിച്ചതാണ് അപകടത്തിനു കാരണമെന്നു മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും ജോയിന്റ് ആർടിഒയുടെയും പരിശോധനയിൽ കണ്ടെത്തി. പൊൻകുന്നത്തുനിന്നു പാലാ ഭാഗത്തേക്കു പോയ ജീപ്പിന്റെ ഡ്രൈവർ അമിതവേഗത്തിൽ ചെറിയ വളവിൽ വരി മാറി ഓടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ട്.
എസ്എച്ച്ഒ എൻ.രാജേഷിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാമ്പാടി പാറാമറ്റം കളപ്പുരയ്ക്കൽ പരേതനായ വിജയൻ–ദീപ ദമ്പതികളുടെ മകനാണു വിഷ്ണു വിജയൻ. സഹോദരി സ്നേഹമോൾ. സംസ്കാരം നാളെ പാറമറ്റത്ത് വീട്ടുവളപ്പിൽ. പള്ളിക്കത്തോട് കയ്യൂരി കമ്പിപറമ്പിൽ പരേതനായ ജയൻ–ഗീത ദമ്പതികളുടെ മകനാണ് അഭിജിത്. സഹോദരൻ അനന്തു. അരുവിക്കുഴി മഞ്ഞാങ്കൽതുണ്ടത്തിൽ പരേതനായ ചെല്ലപ്പൻ–സാവിത്രി ദമ്പതികളുടെ മകനാണ് ആനന്ദ് ചെല്ലപ്പൻ. ഭാര്യ ശ്രീലക്ഷ്മി. മകൻ ആദിദേവ് (രണ്ടരമാസം ). അഭിജിത്തിന്റെയും ആനന്ദിന്റെയും സംസ്കാരം നടത്തി.