മണ്ഡലകാല ആരംഭത്തിനു മുൻപ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കും: അവലോകന യോഗത്തിൽ തീരുമാനമായി
എരുമേലി: ശബരിമല തീർത്ഥാടനകാലം ആരംഭികുന്നതിന് മുൻപുതന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കുമെന്ന് വിവിധ വകുപ്പുകൾ. എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളിച്ചുചേർത്ത യോഗത്തിലാണ് എരുമേലിയിലും അനുബന്ധ മേഖലകളിലും തങ്ങളൊരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പുകൾ വിശദീകരിച്ചത്. റോഡുകുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും സീസണിനുമുൻപ് പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
മാലിന്യം ശേഖരിക്കുന്നതിന് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഖര, ദ്രാവാക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചാവും ശേഖരിക്കുക. ഇതിനുള്ള ബിന്നുകൾ വിതരണം ചെയ്യും. പാർക്കിംഗ് മൈതാനങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ദിവസം രണ്ടു തവണ മാലിന്യങ്ങൾ നീക്കം ചെയ്യും.
ഇത്തവണ വിശുദ്ധിസേനകുള്ള വേതനം മുൻകൂറായി കളക്ടറുടെ ഫണ്ടിൽ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുള്ളതായി എം .എൽ . എ അറിയിച്ചു. മുൻവർഷം മകരവിളക്ക് കഴിഞ്ഞിട്ടും ഇവർക്ക് വേതനം കിട്ടാതെ വന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
സി എച് സി, താവളം, പേരൂർതോട്, കാളകെട്ടി എന്നിവിടങ്ങളിൽ കൂടുതൽ ഡോക്ടർമരുൾപ്പെടെ സേവനം വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പറിയിച്ചു. മരുന്നുകൾ കൂടുതലായി എത്തിക്കും.
നവംബർ 15 മുതൽ ഡിസംബർ ഏഴ് വവരെ 300 യൂണിഫോമിലുള്ള ഉദ്യോഗസ്ഥരും 50 പേർ മഫ്തിയിലും,ഡിസംബർ ഏഴ് മുതൽ 400 പേരും തുടർന്ന് ജനുവരി 20 വരെ 500 പേരും സേവനത്തിനുണ്ടാകുമെന്ന് പോലീസ് വകുപ്പറിയിച്ചു. കൂടുതൽ ഉദ്യോഗസ്ഥർ മഫ്തിയിൽ ഉണ്ടാകും.
കച്ചവട സ്ഥാപനങ്ങൽ, പാർക്കിംഗ് മൈതാനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ കർശനമാക്കും. ഗുണനിലവാരം ഉറപ്പാക്കുന്നതിനും ചൂഷണം തടയുന്നതിനും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. മൊബൈൽ പരിശോധനാ ലാബ് സൗകര്യവും ഏർപ്പെടുത്തും യോഗത്തിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു ,