പേട്ടതുള്ളൽ പാതയിലെ നടപ്പാതകൾ കയ്യേറി താൽക്കാലിക കച്ചവടക്കാർ

എരുമേലി∙ കൊച്ചമ്പലം മുതൽ ധർമശാസ്താ ക്ഷേത്രം വരെയുള്ള പേട്ടതുള്ളൽ പാതയിലെ നടപ്പാതകൾ താൽക്കാലിക കച്ചവടക്കാർ കയ്യേറിയതായി പരാതി. ഒറ്റവരി ഗതാഗതം നിയന്ത്രിച്ചിട്ടുള്ള പേട്ടതുളളൽ പാതയിൽ മിക്ക താൽക്കാലിക കടകളിലെയും കച്ചവട സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ച നിലയിലാണ്. ഇതുമൂലം നടക്കാൻ സ്ഥലമില്ലാതെ കാൽനടയാത്രക്കാരും തീർഥാടകരും റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക. കഴിഞ്ഞ തീർഥാടന കാലത്ത് പേട്ടതുള്ളൽ പാതയിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് വിശുദ്ധപാതയിൽ പേട്ട തുള്ളിയ തീർഥാടകർ ഇടയിലേക്ക് മിനി ബസ് ഇടിച്ചു കയറി 8 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ മിനി ബസ് ഓടിച്ച ബസ് ഡ്രൈവറും മരണമടഞ്ഞിരുന്നു.

റോഡ് തടസ്സപ്പെടുത്തി പാർക്കിങ്
പേട്ടതുള്ളൽ പാതയിലൂടെ വരുന്ന തീർഥാടക വാഹനങ്ങളുടെ മുന്നിൽ നിന്ന് തടഞ്ഞ് മൈതാനങ്ങളിലേക്കു വാഹനങ്ങൾ കയറ്റുന്നതായി പരാതി. പേട്ട ജംക്‌ഷൻ മുതൽ പൊലീസ് കെഎസ്ഇബി ഓഫിസ് പടിക്കൽ വരെയുള്ള പാർക്കിങ് മൈതാനം നടത്തിപ്പുകാർ ആണ് തീർഥാടക വാഹനങ്ങൾ തടയുന്ന വിധം റോഡിൽ നിന്ന് പാർക്കിങ് മൈതാനങ്ങളിലേക്ക് കയറ്റുന്നത്. ഇതുമൂലം റോഡിൽ മാർഗ തടസ്സവും ഉണ്ടാകുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്കുള്ള പല പോയിന്റുകളിലും പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടെന്നും ആക്ഷേപമുണ്ട്.

സേവനകേന്ദ്രം ആരംഭിച്ചു
എരുമേലി ∙ പേട്ടതുള്ളൽ പാതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രവും ഹെൽപ് ഡെസ്ക്കും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.ഡി ബിജു നിർവഹിച്ചു. അക്ഷയ ന്യൂസ്‌ കേരളയുടെ ഓഫിസിലാണ് സേവന കേന്ദ്രം ആരംഭിച്ചത്. സേവന കേന്ദ്രത്തിൽ കുടിവെള്ളവും ചുക്ക് കാപ്പിയും ഭക്തർക്ക് ലഭിക്കും. കൂടാതെ അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുന്നതിന് സൗജന്യമായി വിരി വയ്ക്കാനുള്ള സൗകര്യം ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടർ, സൗജന്യ ഇന്റർനെറ്റ് ഉൾപ്പെടെ വൈഫൈയും മൊബൈൽ ഫോൺ ചാർജിങ് സൗകര്യവും വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം, തീർഥാടന പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെട്ട വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകൾ തുടങ്ങിയവ ലഭ്യമാക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു.

error: Content is protected !!