മുണ്ടക്കയത്തു നിന്ന് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി ; പെരുവന്താനത്തു നിന്നും കണ്ടു കിട്ടി.
മുണ്ടക്കയം : മുണ്ടക്കയം മൈത്രി നഗറിൽ നിന്നും ശനിയാഴ്ച രാവിലെ 11ന് രണ്ടു കൊച്ചു കുട്ടികളെ കാണാതായി എന്ന വാർത്ത ഏറെ പരിഭ്രാന്തി സൃഷ്ട്ടിച്ചു. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തീവ്ര അന്വേഷണത്തെ തുടർന്ന് കുട്ടികളെ പെരുവന്താനത്തു നിന്നും കണ്ടു കിട്ടി.
മാതാപിതാക്കൾ ജോലിക്കുപോയ സമയം കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു. പിന്നീട് പിതാവ് വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ റോഡിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും വീട്ടിൽ കയറി വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞിട്ടും റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇതോടെ പോലീസിന്റെ നേതൃത്വത്തിൽ അറിയിപ്പും സോഷ്യൽ മീഡിയയിൽ പ്രചരണം കൂടിയായതോടെ നാടൊന്നാകെ കുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു.
കുട്ടികളുടെ കുടുംബം മുൻപ് പെരുവന്താനത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. പെരുവന്താനത്തിന് സമീപം താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ഷക്കീല ടീച്ചർ തന്റെ പുരയിടത്തിലൂടെ പരിചയമുള്ള രണ്ട് കുട്ടികൾ നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ വാർഡ് മെമ്പർ നിസാറിനെ വിവരം അറിയിച്ചു.ഉച്ചകഴിഞ്ഞ് മൂന്നോടെ പെരുവന്താനത്തിന് സമീപത്തുവച്ച് കുട്ടികളെ കണ്ടെത്തിയതായി പെരുവന്താനം പഞ്ചായത്ത് അംഗം പി.വൈ.നിസാർ അറിയിക്കുകയായിരുന്നു. മുണ്ടക്കയം സി ഐ എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ തിരികെ കൂട്ടിക്കൊണ്ടുപോന്നു.
വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി കുട്ടികളുടെ കാണാതാകൽ. മുണ്ടക്കയത്ത് വിട്ടിൽ നിന്നും കാടും തോടും കടന്ന് സഞ്ചരിച്ച കുട്ടികളെ 10 കിലോമീറ്റർ അകലെ പെരുവന്താനത്തു നിന്നുമാണ് കണ്ടെത്തിയത്. പോലീസും നാട്ടുകാരും റോഡരികിലുള്ള വീടുകളിലെ നിരവധി ക്യാമറകൾ പരിശോധിച്ചുവെങ്കിലും, ഒന്നിലും കുട്ടികളെ കാണാതിരുന്നത് ഏവരെയും പരിഭ്രാന്തരാക്കി. മെയിൻ റോഡിൽ കൂടി സഞ്ചരിക്കാതെ, കുട്ടികൾ റോഡിന്റെ പുറത്തുള്ള പുരയിടങ്ങളിലൂടെ 10 കിലോമീറ്ററോളം നടന്നുപോയതിനാലാണ് ക്യാമറയിൽ കിട്ടാതിരുന്നത് . പെരുവന്താനത്തിന് സമീപം താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ഷക്കീല ടീച്ചർ തന്റെ പുരയിടത്തിലൂടെ പരിചയമുള്ള രണ്ട് കുട്ടികൾ നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെതോടെയാണ് കുട്ടികളെ കണ്ടെത്തുവാൻ സാധിച്ചത് . അവിടെനിന്നും കുട്ടികൾ നടന്ന് മുൻപോട്ടു പോയിരുന്നെങ്കിൽ അപകടത്തിൽ പെടുവാൻ സാധ്യത ഏറെയുണ്ടായിരുന്നു.