എരുമേലി വിമാനത്താവളം : അതിർത്തി നിർണയം അന്തിമ ഘട്ടത്തിൽ ; ചെറുവള്ളി എസ്റ്റേറ്റ് പുറത്ത് 160 ഏക്കർ മതിയെന്ന് സർവേ.

എരുമേലി : ശബരിമല വിമാനത്താവള നിർമാണ പദ്ധതിക്ക്‌ എരുമേലിയിൽ ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ സമീപത്തെ സ്വകാര്യ ഭൂമികളിൽ 160 ഏക്കർ മതിയെന്ന് കണ്ടെത്തൽ. മുമ്പ് 307 ഏക്കർ വേണമെന്നാണ് പ്രാഥമികമായി നിർണയിച്ചിരുന്നത്. എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമികളുടെയും അതിർത്തി നിർണയം ഇപ്പോൾ അന്തിമ ഘട്ടത്തിലായതോടെയാണ് സ്വകാര്യ ഭൂമി 160 ഏക്കർ മതിയെന്ന് പുനർ നിർണയിക്കപ്പെട്ടിരിക്കുന്നത്.

അതിർത്തി നിർണയ സർവേ പൂർണമായി പൂർത്തിയാകുമ്പോൾ ഒരു പക്ഷെ ഈ കണക്ക് വീണ്ടും കുറഞ്ഞേക്കാമെന്ന് സർവേ വിഭാഗം പറയുന്നു. സ്വകാര്യ വ്യക്തികളുടെ 307 ഏക്കർ ഏറ്റെടുക്കണമെന്നായിരുന്നു ആദ്യ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്. അത് പഠന റിപ്പോർട്ട് പൂർത്തിയായതോടെ 200 ഏക്കറായി കുറഞ്ഞിരുന്നതാണ് ഇപ്പോൾ 160 മതിയെന്ന നിലയിൽ എത്തിയിരിക്കുന്നത്.

ഭൂമി വിട്ടു കൊടുക്കേണ്ടി വരുന്നതിന്റെ ആശങ്കയിലായ ഒട്ടേറെ പേർക്ക് ആശ്വാസം പകരുകയാണ് ഈ കണ്ടെത്തൽ. ഒപ്പം പദ്ധതിയുടെ നിർമാണ നടപടികളിലേക്ക് വൈകാതെ നീങ്ങാൻ കഴിയുമെന്നുള്ളത് വികസനമോഹികളിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്. ഓരുങ്കൽകടവ് ഭാഗത്ത് ചക്കാല പറമ്പ് മുതൽ തകടിയേൽ പറമ്പ് വരെ സിഗ്നൽ ലൈറ്റ് റൺവേയ്ക്ക് വേണ്ടി മാർക്ക് ചെയ്തിട്ടുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റ് ഭാഗത്ത് കാരിത്തോട്ടിൽ പാലമറ്റത്തിൽ വീടിന്റെ ഒരു മുറി സർവ്വേയിൽ കടന്നു വന്നിട്ടുണ്ട് ,ഇത് അവസാന സർവ്വേയിൽ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. കൂടുതൽ സ്ഥലം വിമാനത്താവളത്തിനായി നൽകേണ്ടി വരുമെന്ന് കരുതിയിരുന്ന പുൽപ്പേൽ കുടുംബത്തിന്റെ വീട് ഉൾപ്പെടെ പകുതിയോളം സ്ഥലമാണ് ഇപ്പോൾ മാർക്കിങ്ങിൽ ഉള്ളത്.

നിർദിഷ്‌ട വിമാനത്താവളത്തിന്റെ കവാടങ്ങളായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്ന മുക്കട ചാരുവേലി ഭാഗത്തെയും എരുമേലി ഓരുങ്കൽകടവ് ഭാഗത്തെയും മാർക്കിങ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ച് താൽക്കാലിക അടയാളപ്പെടുത്തൽ ആണ് ചെയ്യുന്നത്.

വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനത്തിന് അടുത്ത ദിവസം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എരുമേലി വിമാനത്താവള മേഖല സന്ദർശിക്കുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി -ഓരുങ്കൽ കടവ് വഴി വിമാനത്താവള റോഡുകളുമായി ബന്ധിപ്പിക്കുന്നതും ,ശബരി ഗ്രീൻ ഫീൽഡ് ഹൈവെയുമായി ബന്ധിപ്പിക്കുന്ന റോഡുകളെപ്പറ്റിയും വിശദമായി ചീഫ് എൻജിനീയർ അടക്കമുള്ള വിദഗ്ദ്ധ സമിതി പഠനം നടത്തും. രാജ്യാന്തര നിലവാരത്തിൽ നിർമിക്കപ്പെടുന്ന ശബരിമല വിമാനത്താവളത്തിന് അതിനനുസരിച്ചുള്ള രൂപകല്പന റോഡുകൾക്കും വേണ്ടിവരും. തീർത്ഥാടക ടൂറിസത്തിനും ഇതര ടൂറിസം മേഖലകളായ വാഗമൺ, തേക്കടി, മൂന്നാർ, ഗവി എന്നിവിടങ്ങളിലേക്കും ഉന്നത നിലവാരമുള്ള പാതകൾ വേണ്ടിവരും.

പദ്ധതി വരുന്നതോടെ എരുമേലിയും സമീപ പ്രദേശങ്ങളിലും വമ്പിച്ച വികസന കുതിപ്പ് ഉണ്ടാകുമെന്നതിൽ സംശയമില്ല. നിർമാണം തുടങ്ങിയാൽ നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന സ്പെഷ്യൽ ഓഫിസറുടെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായതുമാണ്.

error: Content is protected !!