പി.സി. ജോർജ് പത്തനംതിട്ടയില്‍ സ്ഥാനാർഥിയായേക്കും ; ജനപക്ഷം സെക്യുലർ എൻ.ഡി.എ.യിലേക്ക്
കാഞ്ഞിരപ്പള്ളി : ബി.ജെ.പി. നേതൃത്വത്തിലുളള എൻ.ഡി.എ.യില്‍ ചേർന്ന് പ്രവർത്തിക്കാൻ പൂഞ്ഞാർ മുൻ എൽ എൽ എ പി.സി. ജോർജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്യുലരർ പാർട്ടി . കോട്ടയത്ത് കഴിഞ്ഞ ദിവസം ചേർന്ന ജനപക്ഷം പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ബിജെപിയ്ക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ലഭിച്ച വോട്ടുകളും, ക്രൈസ്തവ സഭയുടെ പിന്തുണയും, ദീർഘകാലം പൂഞ്ഞാർ എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ ഉള്ള പിസിയുടെ സ്വാധീനവും വോട്ടായി മാറിയാൽ കടുത്ത മത്സരമായിരിക്കും പത്തനംതിട്ടയില്‍ ഉണ്ടാവുക. ജനപക്ഷം പാർട്ടിയിൽ മത്സരിക്കാതെ, ബിജെപി സ്ഥാനാർത്ഥിയായായി താമര ചിഹ്നത്തിൽ പി സി ജോർജ് മത്സരിക്കുവാനും സാധ്യതയുണ്ട് .
എന്‍.ഡി.എ.യില്‍ ചേരുന്നതിന്റെ ഭാഗമായി ബിജെപി, എന്‍.ഡി.എ. നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് പി.സി. ജോര്‍ജ്, ഇ.കെ.ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്,നിഷ എം.എസ്. പി.വി.വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജനപക്ഷം എന്‍.ഡി.എയുടെ ഭാഗമായാല്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ പി.സി.ജോര്‍ജ് സ്‌ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന. ക്രൈസ്തവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വന്നാല്‍ മാത്രമേ പത്തനംതിട്ട മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിന്റെ പേര് പരിഗണിക്കുന്നത്.
ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്‌ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യേണ്ടതെന്നും യോഗം ഉദ്‌ഘാടനം ചെയ്‌തു പി.സി. ജോര്‍ജ് പറഞ്ഞു.വര്‍ക്കിങ് ചെയര്‍മാന്‍ ഇ.കെ.ഹസ്സന്‍കുട്ടിയുടെ അധ്യക്ഷത വഹിച്ചു.. അഡ്വ.ഷൈജോ ഹസന്‍, സെബി പറമുണ്ട, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, ജോര്‍ജ് വടക്കന്‍, പ്രഫ. ജോസഫ് ടി ജോസ്,പി.എം.വത്സരാജ്, സജി എസ് തെക്കേല്‍,ബാബു എബ്രഹാം,ബെന്‍സി വര്‍ഗീസ്,ഇ.ഒ.ജോണ്‍ ബീനാമ്മ ഫ്രാന്‍സിസ്, സുരേഷ് പലപ്പൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.