എരുമേലി വീണ്ടും തീർത്ഥാടക തിരക്കിൽ. മകരവിളക്കിനായി നാളെ
നട തുറക്കും
എരുമേലി : മകരവിളക്ക് ഉത്സവത്തിനായി അടുത്ത ദിവസം ശബരിമല നിരിക്കെ എരുമേലിയിൽ വീണ്ടും തീർത്ഥാടക തിരക്കേറി. ഇത്തവണ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ മണ്ഡല കാലത്തുണ്ടായ പാളിച്ചകൾ മകരവിളക്ക് സീസണിലും ആവർത്തിക്കുമെന്നും തീർത്ഥാടക തിരക്കിന് അനുസരിച്ചു ക്രമീകരണങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഗതാഗത പ്രശ്നം രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.
സ്ഥിതി വിലയിരുത്തി അവലോകന യോഗം ചേരാതെ ആണ് ഇത്തവണ മകരവിളക്ക് സീസണിലേക്ക് എത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ തന്നെ എരുമേലി ടൗണിൽ നൂറുകണക്കിന് അയ്യപ്പ ഭക്തർ എത്തിക്കൊണ്ടിരുന്നു. കനത്ത വെയിൽ ചൂടിലും ഉച്ചക്ക് എരുമേലി പേട്ടതുള്ളൽ പാതയിൽ തിരക്ക് കുറഞ്ഞില്ല. എരുമേലി വഴിയുള്ള കാനന പാതയിലും പാത നിറഞ്ഞാണ് തീർത്ഥാടകർ എത്തിയത്. ഇത്തവണ മകരവിളക്ക് സീസണിൽ വൻ തോതിൽ തീർത്ഥാടകർ എത്തുമെന്ന സൂചനയാണ് ഇത്തവണ പ്രകടമാകുന്നതെന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
മകരവിളക്ക് സീസൺ ആരംഭിക്കുന്ന ഇന്ന് മുതൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ വിന്യസിപ്പിക്കാനാണ് വിവിധ വകുപ്പുകളിൽ ആദ്യം ഉത്തരവുണ്ടായിരുന്നത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ച് ഇന്നലെ മുതലേ തിരക്ക് വർധിച്ചതോടെ ഡ്യൂട്ടി ഇന്നലെ തുടങ്ങാൻ വകുപ്പുകളിൽ നിർദേശം എത്തുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിലാണ് തീർത്ഥാടകർ എത്തുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മണ്ഡല കാലത്തും വൻ തോതിലാണ് തീർത്ഥാടകർ എത്തിയത്. ഗതാഗത സ്തംഭനം മിക്ക ദിവസങ്ങളിലും ആവർത്തിച്ചിരുന്നു. റോഡുകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുകിടന്നു. ദിവസവും റോഡിൽ പലയിടത്തായി വാഹനങ്ങൾ മണിക്കൂറുകളോളം പോലിസ് തടഞ്ഞിടുന്ന സ്ഥിതി ആദ്യമായുണ്ടായ സീസൺ കൂടിയായിരുന്നു ഇത്തവണ.
ഏറെ പ്രയാസങ്ങളും ദുരിതങ്ങളുമാണ് മണ്ഡല കാലത്ത് തീർത്ഥാടകരും നാട്ടുകാരും നേരിട്ടത്. വെള്ളവും ഭക്ഷണം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ രാത്രിയിലും പകലും റോഡിൽ വാഹനങ്ങൾ തടഞ്ഞിടുന്ന സ്ഥിതി ഈ മകരവിളക്ക് സീസണിലും ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനായി യോഗം ചേരാൻ കഴിഞ്ഞില്ല. സാധാരണ മകരവിളക്ക് സീസണിന് മുമ്പ് യോഗം ചേരുന്ന പതിവുള്ളതാണ്. ഇത്തവണ മണ്ഡല കാലത്ത് വലിയ തോതിൽ പാളിച്ചകൾ നേരിട്ടതിനാൽ മകരവിളക്ക് സീസണിൽ ആ പിഴവുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടത്ര മുന്നൊരുക്കം അനിവാര്യമാണെന്ന് ജനപ്രതിനിധികളും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടതാണ്. എന്നിട്ടും സ്ഥിതി വിലയിരുത്തി മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ നടപടി ഉണ്ടായില്ലെന്നുള്ളത് വീഴ്ചയായി മാറുകയാണ്. മണ്ഡല കാലത്ത് ഒട്ടേറെ അപകടങ്ങളുണ്ടായി. മകരവിളക്ക് സീസണിൽ അപകടങ്ങൾ കുറയ്ക്കാൻ ജാഗ്രത അനിവാര്യമാണ്. മണ്ഡല കാലത്ത്
ഗതാഗത നിയന്ത്രണം പാളിയത് മൂലം പോലീസിനെതിരെ വിമർശനങ്ങൾ ധാരാളമാണ് ഉയർന്നത്. മകരവിളക്ക് സീസണിൽ തിരക്ക് ഇതിലുമേറെ വർധിക്കുമെന്നിരിക്കെ പരിഹാര നടപടികൾ സ്വീകരിക്കാത്തത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.