ശബരിമല തീർത്ഥാടനം, പൊൻകുന്നത്തിന്റെ സമീപപ്രദേശങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ അടിയന്തരയോഗം ചേർന്നു

പൊൻകുന്നം : കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും അയ്യപ്പഭക്തർക്ക് ഉണ്ടായ ബുദ്ധിമുട്ട് മുന്നിൽക്കണ്ട് വരുന്ന മകരവിളക്ക് കാലത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു.

ശബരിമല സീസണും ആയി ബന്ധപ്പെട്ട ഈ സമയത്ത് തിരക്കുകൾ മൂലം നിലക്കൽ എരുമേലി എന്നിവിടങ്ങളിൽ അനിയന്ത്രിതമായ തിരക്ക് വന്നാൽ മുൻകാലങ്ങളിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂൾ അടക്കമുള്ള പാർക്കിംഗ് ഒഴിവാക്കി ചിറക്കടവ് അമ്പലം, ഇളംകുളം,ശ്രീധർമ്മശാസ്താ ക്ഷേത്രം, കൂരാലി സ്കൂൾ എന്നിവിടങ്ങളിൽ പാർക്കിംഗ്, ഭക്ഷണം, കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങൾ, എന്നിവ ഏർപ്പെടുത്തുവാൻ യോഗത്തിൽ തീരുമാനമെടുത്തു. ഈ ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾക്ക് ഈ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

കോട്ടയം ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പഭക്തന്മാരുടെ വാഹനങ്ങൾ പൊൻകുന്നം ടൗണിലേക്ക് എത്തിക്കാതെ കറുകച്ചാലിൽ നിന്നും മണിമല വഴി എരുമേലിയിലേക്ക് തിരിച്ചു വിടുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. അതുപോലെതന്നെ തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി പൊൻകുന്നം ടൗണിൽ നിന്നും ചിറക്കടവ് അമ്പലം- പഴയിടം വഴി എരുമേലിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് വൺവേ സംവിധാനം ആക്കുന്നതിന് യോഗം തീരുമാനിച്ചു. ഈ പ്രദേശങ്ങളിലെ ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് ദേവസ്വം ബോർഡും,ജില്ലാ ഭരണകൂടവും ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.

ചിറക്കടവ് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്,ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ് കുമാർ, പോലീസ് മേധാവികൾ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്ത സംസാരിച്ചു.

error: Content is protected !!