കുറുക്കന്റെ കടിയേറ്റ് പേവിഷബാധ: പശുവിനെയും കിടാവിനെയും കൊന്നു

വാഴൂർ ∙ കുറുക്കന്റെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച പശുവിനെയും കിടാവിനെയും മൃഗസംരക്ഷണ വകുപ്പ് അധികൃതർ കുത്തിവച്ച് കൊന്നു. വാഴൂർ തീർഥപാദപുരം കിടാരത്തിൽ വിമല പ്രസന്നന്റെ പശുക്കളെയാണു കൊന്നത്. ചൊവ്വാഴ്ച രാത്രിയാണു പശുവിനും കിടാവിനും കടിയേറ്റത്. രാത്രി ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ കുറുക്കനെ കണ്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് കിടാവും വെള്ളിയാഴ്ച വൈകിട്ട് പശുവും കുഴഞ്ഞുവീണു. വായിൽനിന്നു നുരയും പതയും വന്നതോടെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയ സ്ഥിരീകരിച്ചത്. കിടാവിനെ വെള്ളിയാഴ്ചയും പശുവിനെ ശനിയാഴ്ചയും മരുന്ന് കുത്തിവച്ച് കൊന്നു പുരയിടത്തിൽ കുഴിച്ചിട്ടു.

ഒരുമാസം മുൻപ് നെടുംകുന്നത്ത് കുറുക്കന്റെ കടിയേറ്റ പശുവിനെ ചികിത്സിച്ച് രക്ഷപ്പെടുത്തിയെന്നും കുറുക്കന്റെ ശല്യം കന്നുകാലികൾക്ക് വലിയ ഭീഷണിയാണെന്നും വെറ്ററിനറി ഡോക്ടർ ബെന്നി പറഞ്ഞു. പശുവിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുറുക്കൻ ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടിരുന്നു. ഉടൻ ചികിത്സ നൽകിയാണ് പശുവിനെ രക്ഷിച്ചത്. മേഖലയിൽ കാടു പിടിച്ച തോട്ടങ്ങളിൽ കുറുക്കന്റെ സാന്നിധ്യം വ്യാപകമാണെന്നു നാട്ടുകാർ പറയുന്നു. ഇരുളിന്റെ മറ പറ്റി എത്തുന്ന കുറുക്കൻ വളർത്തുമൃഗങ്ങൾക്ക് ഒപ്പം കാൽനട യാത്രക്കാർക്കും ഭീഷണിയാണ്.

error: Content is protected !!