എരുമേലി ഇനിയും കുരുങ്ങാതിരിക്കുവാൻ സർക്കാരിന് സമർപ്പിക്കുവാൻ പൊതുജന അഭിപ്രായങ്ങൾ തേടി സെന്റ് തോമസ് സ്കൂൾ.
എരുമേലി : ഇക്കഴിഞ്ഞ മണ്ഡല കാലം നേരിട്ട വൻ തിരക്കും ഗതാഗത കുരുക്കും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൊതുജന അഭിപ്രായം തേടുകയാണ് എരുമേലി സെന്റ് തോമസ് ഹൈസ്‌കൂൾ. കാമ്പുള്ള അഭിപ്രായങ്ങൾ സമാഹരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി കുട്ടികളുടെ രക്ഷിതാക്കളോടാണ് അഭിപ്രായം തേടിയിരിക്കുന്നത്. . അഭിപ്രായങ്ങളും നിർദേശങ്ങളും ഉടൻ അറിയിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
ശബരിമല സീസൺ ചരിത്രത്തിൽ ഇങ്ങനെ മണ്ഡല കാലം കുരുക്കിൽ അമർന്നിട്ടില്ല. ഇതാദ്യമായാണ് ഈ അനുഭവം. ദിവസങ്ങളോളം വൻ തിരക്ക് നേരിട്ടു. മണിക്കൂറുകളോളം പാതകളിൽ വാഹനങ്ങൾ നിശ്ചലമായും ഇഴഞ്ഞും ഗതാഗത കുരുക്കിൽ ബുദ്ധിമുട്ടി. സമയത്തിന് സ്കൂളിൽ എത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. പ്രൈവറ്റ് ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കി ട്രിപ്പ് അവസാനിപ്പിച്ചു. കുരുക്ക് മൂലം വാഹനങ്ങൾ വഴിയിൽ കിടന്നപ്പോൾ റോഡിലൂടെ മിക്കവർക്കും നടന്നു യാത്ര ചെയ്യേണ്ടി വന്നു. ആംബുലൻസ് കടത്തി വിടാൻ ഏറെ സമയം പണിപ്പെടേണ്ടി വന്നു. സമാന്തര പാതകളിലൂടെ ഗതാഗതം വഴി തിരിച്ചു വിട്ടിട്ടും ഈ പാതകളിലും കുരുക്ക് നിറഞ്ഞു. നാട്ടുകാരും അയ്യപ്പ ഭക്തരും ഒരേ പോലെ ദുരിതത്തിലായി. വഴിയിൽ മണിക്കൂറുകൾ കിടക്കേണ്ടി വന്ന ഭക്തർ ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രാഥമിക കൃത്യങ്ങൾക്കും ഏറെ ബുദ്ധിമുട്ടി. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മണിമല, റാന്നി ഉൾപ്പടെ വിവിധ സമീപ പ്രദേശങ്ങളും കുരുക്ക് നേരിട്ട ദിവസങ്ങളുമുണ്ടായി.
കുരുക്ക് മാറ്റാൻ വിവിധ മാർഗങ്ങൾ പോലിസ് തേടിയെങ്കിലും പ്രയോജനം കണ്ടില്ല. ജില്ലാ അഡീഷണൽ എസ് പി എരുമേലിയും പരിസരങ്ങളും ചുറ്റി സന്ദർശിച്ച് ഗതാഗത ക്രമീകരണം സുഗമമാക്കാൻ ചർച്ചകൾ നടത്തി. വിദഗ്ദ്ധരുമായി മുതിർന്ന പോലിസ് ഓഫിസർമാർ ബന്ധപ്പെട്ട് പോംവഴികൾ ആരാഞ്ഞു. എംഎൽഎ യോഗം വിളിച്ചു ചേർത്ത് പരിഹാരങ്ങൾ തേടി. ഇതിന്റെ ഫലമായി മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ദിവസവും വൈകിട്ട് മോണിറ്ററിംഗ് കമ്മറ്റി ഓൺലൈൻ ആയി ചേർന്നെങ്കിലും പരിഹാരമായില്ല.
ശബരിമല ദർശനത്തിന് പോകാൻ നിരവധി തവണ റോഡ് ഉപരോധ സമരം നടത്തി ഭക്തർ പ്രതിഷേധിച്ചു. അർദ്ധ രാത്രിയിലും പുലർച്ചെയിലും വരെ റോഡ് ഉപരോധം അരങ്ങേറി. എരുമേലി പഞ്ചായത്ത് പ്രസിഡന്റിനെ വരെ ഭക്തർ തടഞ്ഞു വെച്ച് പ്രതിഷേധിച്ച കാഴ്ചയുമുണ്ടായി. എരുമേലി ടൗണിലെ 23 പാർക്കിംഗ് ഗ്രൗണ്ടുകളും ഒരേ പോലെ വാഹനങ്ങൾ നിറഞ്ഞ കാഴ്ച ആദ്യമായിരുന്നു. രാത്രിയിലും പകലും കുരുക്കോട് കുരുക്ക് നേരിട്ട മണ്ഡല കാലം നാട്ടുകാർക്കും ഭക്തർക്കും ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ല.
ഒടുവിൽ ഇപ്പോൾ മകരവിളക്ക് സീസണിന്റെ തുടക്കത്തിൽ ഹൈക്കോടതി ഇടപെടൽ മൂലം ശബരിമല ദർശനത്തിന്റെ ഓൺലൈൻ ബുക്കിങ് കുറച്ചതിനാൽ ഗതാഗത കുരുക്കിന്റെ കടുപ്പം കുറഞ്ഞെന്ന് നാട്ടുകാർ. എങ്കിലും ഇന്നലെയും ഗതാഗതം കുരുങ്ങി.
ടൗണിൽ തിരക്ക് ഒഴിവാക്കാൻ ശരിയായ ഒരു പരിഹാരം ഉണ്ടെന്ന് വർഷങ്ങൾക്ക് മുമ്പെ നാട്ടുകാർ അറിയിച്ചതാണ്. മേൽപ്പാലം ആണ് ആ പരിഹാരം. പേട്ടക്കവലയിൽ അയ്യപ്പ ഭക്തർക്ക് മുസ്ലിം പള്ളിയിലും ക്ഷേത്രത്തിലും കയറാൻ രണ്ട് തവണ റോഡ് കുറുകെ കടക്കേണ്ടി വരുന്നത് ആണ് ഗതാഗതം തടസപ്പെടുത്തേണ്ടി വരുന്നത്. ഇതിന് പരിഹാരമായി ഒന്നോ രണ്ടോ മേൽപ്പാലങ്ങൾ നിർമിച്ചാൽ മതിയാകും.
ശബരിമല സമാന്തര പാതകളിൽ വളവുകൾ അപകട രഹിതമാക്കുകയും പരമാവധി വീതി സൃഷ്ടിക്കുകയും ചെയ്‌താൽ വാഹന സഞ്ചാരം സുഗമമാകും. നിലവിൽ സമാന്തര പാതകളെല്ലാം ഇടുങ്ങിയ നിലയിലാണ്.