നാടിന് മാതൃകയായി ” സഹയാത്രികർ ” കൂട്ടായ്മ

കാഞ്ഞിരപ്പള്ളി : നമ്മുടെ നാടിന് മാത്രമല്ല, ലോകത്തിന് ആകമാനം മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ഇടവകയിലെ ” സഹയാത്രികർ ” കൂട്ടായ്മ . ഇടവകയിലെ 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർ, പ്രധാനമായും വീടുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർ, പരസ്പരം താങ്ങായും , തണലായും വർത്തിച്ചുകൊണ്ട് ജീവിത സായാഹ്‌നം ഉല്ലാസപ്രദമാക്കുകയാണ് അവർ ചെയ്യുന്നത് . “കൂട്ടിരിക്കാം, കേട്ടിരിക്കാം, കൂട്ടമാവാം, നേട്ടമാക്കാം ” എന്നതാണ് ഈ ഒരേതൂവൽ പക്ഷികളുടെ കൂട്ടായ്മയുടെ ആദർശ വചനം.

60 വയസ്സുമുതൽ 83 വയസ്സുവരെ പ്രായമുള്ളവർ ” സഹയാത്രികർ ” കൂട്ടായ്മയിൽ ഉണ്ട് . നിലവിൽ 40 അംഗങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്. ദിവസവും ഒരു നേരമെങ്കിലും വാട്ട്സ്ആപ്പിലൂടെ അവർ പരസ്പരം സുഖവിവരങ്ങൾ അന്വേഷിക്കുന്നു, ആർക്കെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർ അത് നിറവേറ്റി കൊടുക്കുന്നു.. ഒരു ദിവസം ആരെങ്കിലും വാട്ട്സ്ആപ്പിലൂടെ വിഷ് ചെയ്യുവാൻ എത്തിയില്ലെങ്കിൽ, മറ്റുള്ളവർ ഉടൻതന്നെ എന്തുപറ്റിയെന്ന് അറിയുവാൻ അന്വേഷിച്ചു എത്തുകയായി. വൈദ്യസഹായം ആവശ്യമള്ള അവസ്ഥയിൽ കണ്ടെത്തിയാൽ അടിയന്തിര സഹായം എത്തിച്ചിരക്കും. അങ്ങനെ അവർ പരസ്പരം താങ്ങും തണലുമാവുകയാണ്.

മാസത്തിൽ ഒരു ദിവസം എല്ലവരും കൂട്ടായ്മയിലെ ആരുടെയെങ്കിലും വീടുകളിൽ ഒന്നിച്ചു കൂടും. കളിയും ചിരിയും, കഥപറച്ചിലും, പാട്ടുകളും, ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കലുമായി ആഘോഷമാണ് ആ ദിവസം. ഇടയ്ക്കിടയെ അവർ ഒത്തൊരുമയോടെ ആഘോഷമായി വിനോദയാത്ര പോകുന്നു , സിനിമ കാണുവാൻ പോകുന്നു, കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു .. ആകെ അടിപൊളി ജീവിതം .. ഈ പ്രായത്തിലും, അവർ പുതിയ പുതിയ സ്വപ്നങ്ങൾ കാണുക മാത്രമല്ല , അവ നിറവേറ്റിയെടുക്കുവാനും ഉത്സാഹിക്കുന്നു.

മാതാപിതാക്കളെ തനിച്ചാക്കി വിദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടി വന്ന മക്കൾക്ക്, തങ്ങളുടെ മാതാപിതാക്കൾക്ക് സുരക്ഷിതത്വുവും സന്തോഷവും സമാധാനവും നൽകുന്ന ഈ സ്നേഹ കൂട്ടായ്മ ഏറെ ആശ്വാസം നല്കൂന്നു. അതിനാൽ തന്നെ സഹയാത്രികർ കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ കൈയടിയോടെ അവർ പൂർണ പിന്തുണ നൽകുന്നു..

ഇന്ന് നമ്മുടെ നാട് മാത്രമല്ല, കേരളം മുഴുവനും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് , മെച്ചപ്പെട്ട ജോലികൾ തേടി നമ്മുടെ യുവജനത നാട് നാടുവിടുമ്പോൾ ഒറ്റപെട്ടു പോകുന്ന അവരുടെ മാതാപിതാക്കളുടെ ജീവിത അവസ്ഥ .. മക്കൾക്കൊപ്പം അവരുടെ കുടുബവും വിദേശത്തേക്ക് പറിച്ചു നടപ്പെടുമ്പോൾ മാതാപിതാക്കൾ വലിയവീടുകളിൽ ഏകാന്തമായി ജീവിക്കേണ്ടി വരുന്നു .
മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം ജീവിത സായാഹ്നത്തിൽ സന്തോഷത്തോടെ കഴിയാമെന്ന അവരുടെ ആഗ്രഹം, പെട്ടെന്ന് ഇല്ലാതാകുമ്പോൾ, പലർക്കും ഡിപ്രഷൻ പിടിപെടാറുണ്ട് . തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് മക്കൾക്ക് ഏറെ ആഗ്രഹം ഉണ്ടെകിലും , അവരും ഈ കാര്യത്തിൽ നിസ്സഹായരാണ്.

ഇത്തരം പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ഇടവകയിലെ ” സഹയാത്രികർ” എന്ന കൂട്ടായ്മ . വികാരിയച്ചന്റെ നേതൃത്വത്തിൽ കിഴക്കേത്തലക്കൽ ആനിയമ്മ മുൻകൈ എടുത്ത് തുടക്കമിട്ട ” സഹയാത്രികർ” കൂട്ടായ്യ്മയിൽ ഇപ്പോൾ നാല്പതോളം അംഗങ്ങൾ ഉണ്ട് . അവർക്ക് പ്രസിഡണ്ട് ഇല്ല, സെക്രട്ടറി ഇല്ല, മറ്റ് ഭാരവാഹികൾ ആരുമില്ല… എല്ലാവരും സമന്മാർ .. എല്ലാവരും പരസ്പരം സഹായിക്കുന്ന സഹയാത്രികർ..

വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ അഞ്ചീലിപ്പയിലെ ” സഹയാത്രികർ” കൂട്ടായ്മ, ഇത്തവണ അവരുടെ ക്രിസ്മസ് അടിപൊളിയായി ആഘോഷിച്ചത് , അഞ്ചിലിപ്പ മെഡോണാ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ഒപ്പമാണ് . ക്രിസ്മസ് ഗാനങ്ങൾ പാടിയും, കേക്ക് മുറിച്ചും, കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകിയും അവർ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടുവാനായി , യുവജനത പുറം രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ വയോധികർ ആംഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾക്ക് വളരെ സിംപിളായ, എന്നാൽ പവർഫുള്ളായ ഒരു പരിഹാരം കാണിച്ചുകൊടുക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഈ പ്രിയപ്പെട്ട സഹയാത്രികർ . എല്ലാവർക്കും മാതൃകയാവട്ടെ ഈ സ്നേഹ കൂട്ടായ്മ ..

error: Content is protected !!