എരുമേലി ഒരുങ്ങി : 11 ന് ചന്ദനക്കുടം, 12 ന് പേട്ടതുള്ളൽ

എരുമേലി : ഒരുമ നിറഞ്ഞ മത മൈത്രിയുടെ പെരുമയായ ചന്ദനക്കുട ആഘോഷത്തിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എരുമേലി. 11 ന് രാത്രിയിൽ ചന്ദനക്കുട ആഘോഷം നിറയുമ്പോൾ പിറ്റേന്ന് രാവിലെ ഐതിഹ്യ പെരുമ പകരുന്ന ചരിത്രം അനുസ്മരിച്ച് പേട്ടതുള്ളലിലേക്ക് നാടിറങ്ങും.

വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുക. പ്രളയവും കോവിഡും യുവതീ പ്രവേശന വിധിയെ തുടർന്നുള്ള പ്രശ്നങ്ങളും മൂലം നാല് വർഷമായി ആഘോഷങ്ങളുടെ പൊലിമ മങ്ങിയിരുന്നതിനാൽ ഇത്തവണ വൻ ജനത്തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് മുൻനിർത്തി പോലീസിന്റെ ക്രമീകരണങ്ങൾ വിപുലമാക്കുമെന്ന് ചുമതല വഹിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു.
പോലീസുകാരും സന്നദ്ധ പ്രവർത്തകരായ സ്പെഷ്യൽ പോലിസ്‌ സംഘവും ഉൾപ്പടെ ആയിരത്തോളം പേർ അടങ്ങുന്ന പോലിസ് സേന ആണ് ഈ ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഷിഫ്റ്റ്‌ പ്രകാരം ഡ്യൂട്ടിയിൽ ഉണ്ടാവുക. ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുമുണ്ടാകും. 11 ന് രാത്രിയിൽ ചന്ദനക്കുട റാലിയുടെ സമയത്തും 12 ന് പേട്ടതുള്ളൽ ദിവസവും ടൗൺ വാഹന വിമുക്തമാക്കും. ഈ ദിവസങ്ങളിൽ മേഖലയിൽ സമ്പൂർണ മദ്യ നിരോധനവും പേട്ടതുള്ളൽ ദിവസം താലൂക്ക് തലത്തിൽ പ്രാദേശിക അവധിയുമാണ്.

പേട്ടക്കവലയ്ക്ക് പകലിനെക്കാൾ ഏറെ ശോഭയാണിപ്പോൾ രാത്രിയിൽ. ഇരുളിൽ വൈദ്യുതി വിളക്കുകളുടെ വർണ അലങ്കാരങ്ങളുടെ വെളിച്ചത്തിൽ നൈനാർ ജുമാ മസ്ജിദും കൊച്ചമ്പലവും കാണാൻ ഭംഗിയേറെ. നിരവധി പേരാണ് രാത്രിയിൽ ഈ കാഴ്ച കാണാൻ പേട്ടക്കവലയിൽ കുട്ടികളുമായി കുടുംബസമേതം എത്തിക്കൊണ്ടിരിക്കുന്നത്. അഴകേറിയ മസ്ജിദും ക്ഷേത്രവും മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുന്നവരിൽ അയ്യപ്പ ഭക്തരുമേറെ. സെൽഫി എടുക്കുന്നവരും ധാരാളം. മുൻ വർഷത്തെക്കാൾ ഏറെ ഭംഗി ഇത്തവണ ആണെന്നാണ് നാട്ടുകാരിൽ മിക്കവരുടെയും അഭിപ്രായം. പേട്ടക്കവല മുതൽ വലിയമ്പലം വരെ നീളുന്ന പേട്ടതുള്ളൽ പാതയിൽ പുലർച്ചെയിലും അയ്യപ്പ ഭക്തരുടെ ശരണം വിളികളും താളമേളങ്ങളും നിലയ്ക്കുന്നില്ല. ആയിരകണക്കിന് വൈദ്യുതി വിളക്കുകളുടെ വെളിച്ചം ആണ് ആകാശ കാഴ്ചയിൽ നോക്കുമ്പോൾ എരുമേലി ടൗണിൽ കാണുക. തീർത്ഥാടന നഗരമായി തിരക്കൊഴിയാത്ത പട്ടണമായതിന്റെ പരിവേഷത്തിലാണ് ടൗണും പരിസരങ്ങളും.

മസ്ജിദിലും ക്ഷേത്രങ്ങളിലും മെറ്റൽ ഡിറ്റക്ടർ വാതിൽ വഴിയാണ് പ്രവേശനം. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവുമുണ്ട്. 11,12 തീയതികളിൽ പരിശോധനകൾ തുടർച്ചയായി നടത്താനാണ് പോലീസിൽ തീരുമാനം. ഭക്തരുടെ വേഷം ധരിച്ച് മഫ്തി പോലീസുകാരുമുണ്ടാകും. ഹൈടെക് കൺട്രോൾ റൂമിൽ നിരീക്ഷണ ക്യാമറകളിലെ തത്സമയ ദൃശ്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കും. അപകടങ്ങൾ ഒഴിവാക്കാൻ പാതകളിൽ ഇടവേളകൾ ചുരുക്കി പട്രോളിംഗിന് നിർദേശമുണ്ട്. ഹെലികോപ്റ്ററിലും ഡ്രോൺ മുഖേനെയും നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!